1400 വർഷം പഴക്കമുള്ള തലയോട്ടിയിൽ നിന്ന് പെൺകുട്ടിയുടെ മുഖം പുനർനിർമിച്ച് ഗവേഷകർ. 2012 ൽ കേംബ്രിഡ്ജിലെ ട്രംപിഗ്ടൺ മെഡോസിൽ നിന്നാണ് പതിനാറുകാരിയുടെ തലയോട്ടിയുടെ അവശിഷ്ടങ്ങൾ ലഭിച്ചത്. ബ്രിട്ടണിലെ ആദ്യത്തെ ക്രിസ്ത്യൻ പെൺകുട്ടിയുടേതെന്ന് കരുതുന്നതായി ഗവേഷകർ പറഞ്ഞു.
പെൺകുട്ടിയുടെ മുഖത്തിന്റെ നിറം, എല്ലുകളുടെയും പല്ലുകളുടെയും രൂപം, കണ്ണുകളുടെ വലിപ്പം തുടങ്ങിയവയെ കുറിച്ച് ഗവേഷകർ പഠനം നടത്തി വരികയാണ്. കണ്ടെടുത്ത തലയോട്ടിയ്ക്കൊപ്പം ഒരു സ്വർണ കുരിശും കൂടെയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഈ കുരിശ് അടിസ്ഥാനമാക്കിയാണ് പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ പഠനവിധേയമാക്കുന്നത്. പെൺകുട്ടി ഏഴാം വയസിൽ തെക്കൻ ജർമനിയിൽ നിന്ന് യുകെയിലേക്ക് കുടിയേറിയെന്നാണ് പഠനത്തിൽ നിന്ന് മനസിലാക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ആംഗ്ലോ-സാക്‌സൺ വിഭാഗത്തിൽപ്പെട്ടവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ജർമ്മനിയിൽ നിന്നയച്ച സംഘത്തിന്റെ ഭാഗമായിരുന്നു പെൺകുട്ടിയെന്നാണ് ഗവേഷകർ സംശയിക്കുന്നത്. പെൺകുട്ടിക്ക് ഏതോ അസുഖം ബാധിച്ചിരുന്നുവെന്നും മരണത്തെ കുറിച്ച് പക്ഷേ വ്യക്തതയില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.