വക്കീല്‍ വേഷമായ കറുത്ത ഗൗണ്‍ ധരിച്ച് രക്ഷിതാക്കളും കൂട്ടുകാരും നിയമവും സാക്ഷിയായി സത്യപ്രതിജ്ഞ ഉറക്കെ പറഞ്ഞ് അഭിഭാഷക വൃത്തിയിലേക്ക് കാലെടുത്ത് വെക്കുക എന്നത് ഏതൊരു നിയമ വിദ്യാര്‍ത്ഥിയുടെയും സ്വപ്‌നമാണ്. ആരും ആഗ്രഹിക്കുന്ന ആ നിമിഷം സാധ്യമാവില്ലെങ്കിലും ജീവിതത്തില്‍ താനൊരു വക്കീലാവുന്നതിന്റെ ത്രില്ലിലാണ് കുന്ദമംഗലം സ്വദേശി ഫാത്തിമ ജൗഹര്‍.
ഏതൊരു നിയമ വിദ്യാര്‍ത്ഥിയെയും പോലെ വക്കീലായി പ്രാക്ടീസ് ചെയ്യാനുള്ള ആ ഗംഭീര തുടക്കത്തിന്റെ മാറ്റ് ചെറുതായൊന്ന് നഷ്ടപ്പെട്ടെങ്കിലും ഫാത്തിമ ജൗഹറിന് വിഷമമില്ല. കോവിഡ് പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായാണ് വക്കീല്‍ ആയി എന്റോള്‍ ചെയ്യുന്ന ചടങ്ങ് ഓണ്‍ലൈന്‍ ആക്കി മാറ്റുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് ഭൂപതി കുടുംബാംഗമായ ജൗഹറിന്റെ മകള്‍ ഫാത്തിമ ജൗഹര്‍ നിയമ ബിരുദം നേടുന്നത്. റിസള്‍ട്ട് ജനുവരിയില്‍ വന്ന ശേഷം വക്കീലായി എന്റോള്‍ ചെയ്യാനുള്ള കാത്തിരിപ്പിലായിരിന്നു. ഇതിനിടയിലാണ് കോവിഡ് പിടിമുറുക്കുന്നത്. അതിനാല്‍ എന്റോള്‍ സെറിമണി നടത്താനാവാത്ത സാഹചര്യനായി. തുടര്‍ന്ന് കോഴ്‌സ് കഴിഞ്ഞവരുടെ സീനിയോറിറ്റി നഷ്ടമാവാതിരിക്കാനും വീണ്ടും ദിവസങ്ങള്‍ നഷ്ടമാവാതിരിക്കാനും ബാര്‍ കൗണ്‍സില്‍ ഓഫ് കേരള ചടങ്ങ് ഓണ്‍ലൈന്‍ വഴിയാക്കുകയായിരുന്നു.
ചരിത്രത്തില്‍ ആദ്യമായി എന്റോള്‍മെന്റ് ഓണ്‍ലൈന്‍ ആക്കിയതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിഷമം ആയെങ്കിലും സാഹചര്യം മനസ്സിലാക്കി എല്ലാവരും അത് അംഗീകരിച്ചു. എന്റോള്‍മെന്റ് നീണ്ടുപോയാല്‍ അത് മജിസ്‌ട്രേറ്റ് പരീക്ഷയെയും മറ്റും അത് ബാധിക്കുമെന്നും ഫാത്തിമ പറയുന്നു. കോവിഡ് വ്യാപനത്തില്‍ മാറ്റമുണ്ടായാല്‍ 3 മാസത്തിന് ശേഷം സര്‍ട്ടിഫിക്കേറ്റ് നല്‍കുന്ന ചടങ്ങ് നടത്താനും സാധ്യതയുണ്ട്. 27 ാം തിയ്യതി നടക്കുന്ന ചടങ്ങില്‍ 800 കൂടൂതല്‍ പേരാണ് ഓണ്‍ലൈന്‍ വഴി അഭിഭാഷകരായി തുടക്കം കുറിക്കുന്നത്. വീഡിയോ കോണ്‍ഫറെന്‍സിങ്ങ് വഴിയാണ് ചടങ്ങുകള്‍. അഭിഭാഷക വസ്ത്രം ധരിച്ചുകൊണ്ട് എല്ലാ മാനദണ്ഡങ്ങളോടുകൂടി തന്നെയാണ് ചടങ്ങുകള്‍ നടക്കുക. പരിപാടിയുടെ രണ്ട് ട്രയല്‍ ഇതിനോടകം നടത്തി വിജയിച്ചിട്ടുണ്ട്.
സമൂഹത്തില്‍ നിരവധി പേര്‍ നീതി കിട്ടാതെയും കാലങ്ങളോളം കോടതി കേറിയിറങ്ങിയും കഴിയുന്നുണ്ട്. ഇവരെ സേവിക്കുകയാണ് തന്റെ ലക്ഷ്യം, ഒരു ജോലി എന്നതിലുപരി ഒരു സേവനം എന്ന രീതിയില്‍ എല്ലാവരെയും സഹായിക്കാന്‍ താന്‍ ശ്രമിക്കുമെന്നും ഫാത്തിമ ജൗഹര്‍ പറയുന്നു. നൗറിനും, ഫജ്‌റും സഹോദരങ്ങളാണ്.