കാരന്തൂർ പാറ്റേൺ സ്റ്റേഡിയം ദേശീയ നിലവാരത്തിലേക്ക്: നവീകരണ പ്രവൃത്തി ഉദ്ഘാടനം മെയ് 24 ന്
കായിക രംഗത്ത് മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്ന കാരന്തൂർ പാറ്റേൺ സ്പോർട്സ് വോളിബോൾ പരിശീലന കേന്ദ്രം, മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. വളരെ ചെറുപ്പത്തിലെ ശാസ്ത്രീയമായി
വോളിബോൾ പരിശീലനം നൽകി കായിക പ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ കേന്ദ്രം
ജനകീയ കൂട്ടായ്മയിലൂടെ രൂപവത്കരിച്ച പാറ്റേൺ സ്പോർട്സ് ആന്റ് ആർട്സ് സൊസൈറ്റിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. സൊസൈറ്റിയിൽ അംഗങ്ങളായ 450 ഓളം പേരുടെ സാമ്പത്തിക സഹായം കൊണ്ടാണ് ഗ്രൗണ്ടിനുള്ള സ്ഥലം വാങ്ങാനായത്. കാരന്തൂർ ഓവുങ്ങരക്കടുത്ത് സൊസൈറ്റി വാങ്ങിയ 60 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 5 കോർട്ടുകളിലായാണ് കുട്ടികളുടെ പരിശീലനം. 150 ഓളം ആൺ-പെൺ കുട്ടികൾ മൂന്ന് ഷിഫ്റ്റുകളിലായി ഇവിടെ പരിശീലനം നടത്തുന്നത്. പാറ്റേൺ സെക്രട്ടറിയും മുഖ്യ കോച്ചുമായ സി. യൂസഫിന്റെ നേതൃത്വത്തിൽ രണ്ട് സ്ത്രീകളടക്കം അഞ്ച് പേർ പരിശീലകരായുണ്ട്.
എം.പി ഫണ്ട്, എം.എൽ.എ ഫണ്ട്, ജില്ല പഞ്ചായത്ത് ഫണ്ട്, ഗ്രാമ പഞ്ചായത്ത് ഫണ്ട്, സ്പോർട്സ് കൗൺസിൽ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി ഗ്രൗണ്ടിൽ കുട്ടികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കാനായിട്ടുണ്ട്. ഇവിടെ നിന്ന് വളർന്ന ധാരാളം പ്രതിഭകൾ സർക്കാർ , അർധ സർക്കാർ , സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവെ,കൊച്ചിൻ കസ്റ്റംസ്, എം.ആർ.സി വെല്ലിംഗ്ടെൺ, സി.ഐ. എസ്.എഫ്, കേരള പോലീസ്, വിദ്യാഭ്യാസ വകുപ്പ്, കെ.എസ്.ഇ.ബി, മൂംബൈ പോർട്ട് ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ ധാരാളം പേർ പാറ്റേണിൽ നിന്ന് കളി പഠിച്ച് , കളിയിലൂടെ ജോലി നേടിയിട്ടുണ്ട്. കേരളത്തിലെ മികച്ച ക്ലബ്ബിന് മലയാള മനോരമ ദിനപത്രം കഴിഞ്ഞ വർഷം നൽകിയ അവാർഡും, മൂന്ന് ലക്ഷം രൂപ പ്രൈസ് മണിയും ലഭിച്ചത് പാറ്റേൺ ക്ലബ്ബിനാണ്.
സെന്ററിൽ ഭൗതിക സാഹചര്യം ഇനിയും വർദ്ധിച്ചാൽ കൂടുതൽ ഉയരങ്ങൾ എത്തിപ്പിടിക്കാനാവും എന്ന് മനസ്സിലാക്കി സ്റ്റേഡിയത്തിന്റെ മുഖഛായ മാറ്റുന്നതിനുള്ള പ്രവൃത്തിക്ക് 2022 മെയ് 24 ന് തുടക്കം കുറിക്കുകയാണ്. സ്റ്റേഡിയം നവീകരണ പ്രവൃത്തി 24 ന് ചൊവ്വാഴ്ച വൈകു: 4 മണിക്ക് എളമരം കരിം എം.പി. ഉദ്ഘാടനം ചെയ്യും. അഡ്വ.പി.ടി.എ.റഹിം എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി, ജില്ല സ്പോർട്ട്സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ, ഇന്ത്യൻ വോളി ടീം പരിശീലകരായ ജോസ് ജോർജ് , സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖരും കായിക പ്രതിഭകളും പങ്കെടുക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ പറഞ്ഞു.
എ. മൂസ്സഹാജി, വൈസ് പ്രസിഡണ്ട്പി.എൻ.ശശിധരൻ മാസ്റ്റർ,ജനറൽ സിക്രറട്ടറി യൂസഫ്പാറ്റേൺ, ട്രഷറർ പി. ഹസ്സൻ ഹാജി,ജനറൽ കൺവീനർ നാസർ കാരന്തൂർ,മൊയ്തീൻകോയ കണിയറക്കൽപങ്കെടുത്തു