സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അജൈവമാലിന്യങ്ങള്‍ തള്ളിയ ആളെ കണ്ടെത്തി പിഴ ചുമത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. ചാത്തമംഗലം പഞ്ചായത്തിലെ കമ്പനിമുക്കിലെ സ്വകാര്യ ഭൂമിയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയിലാണ് പ്ലാസ്റ്റിക് കവറുകളും ഓണ്‍ലൈന്‍ കൊറിയര്‍ കമ്പനികളുടെ പാക്കിംഗ് ബോക്‌സും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൊതിയുന്ന കണ്ടെയ്‌നറുകളും മറ്റും ഇവിടെ തള്ളിയ നിലയില്‍ കണ്ടത്.മാലിന്യം പരിശോധിച്ചപ്പോള്‍ ഇതിലെ കൊറിയര്‍ ബോക്‌സില്‍ നിന്ന് മേല്‍വിലാസം കണ്ടെത്തി. ഈ വിലാസം പിന്തുടര്‍ന്നാണ് ആളെ കണ്ടെത്തിയത്. വാടകക്ക് നല്‍കിയ വീടിന്റെ വിലാസത്തിലാണ് ബോക്‌സ് വന്നിരുന്നത്. ഇവിടെ ഏതാനും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് താമസിക്കുന്നത്. കെട്ടിട ഉടമയെ വിവരം ധരിപ്പിച്ചെങ്കിലും ‘പ്രതി’ നിഷേധിച്ചു. എന്നാല്‍ അധികൃതര്‍ ഇയാളില്‍ നിന്ന് പിഴ ഈടാക്കുകുയം മാലിന്യം തിരച്ചെടുപ്പിക്കുകയും ചെയ്തു.ചാത്തമംഗലത്ത് ചൂടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരോധിത പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു നല്‍കിയ ചായക്കടക്കാരനില്‍ നിന്നും പൊതുസ്ഥലത്ത് പുകവലിച്ചവരില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. പരിശോധനക്ക് ചൂലൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജു കെ നായര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ സുധ, എം സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.