സിനിമ സംവിധായകയും ഗായികയുമായ രജനികാന്തിന്റെ ഇളയ പുത്രി ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. ലക്ഷങ്ങൾ വില മതിക്കുന്ന നിരവധി സ്വർണാഭരണങ്ങളും രത്‌നങ്ങളുമാണ് മോഷണം പോയത്. തെയ്‌നാമ്പേട്ട് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്.
ഡയമണ്ട് സെറ്റുകൾ, അൺകട്ട് ഡയമണ്ട്, ടെംപിൾ ജ്വല്ലറി കളക്ഷൻ, ആന്റിക് ഗോൾഡ് പീസുകൾ, നവരത്‌നം സെറ്റ്, അറം നെക്ക്‌ലേസ്, 60 പവന്റെ വളകൾ എന്നിവയാണ് ഐശ്വര്യയുടെ വീട്ടിൽ നിന്ന് മോഷണം പോയത്.
ഐശ്വര്യയുടെ വീട്ടിലെ മൂന്ന് ജോലിക്കാരെ മോഷണവുമായി ബന്ധപ്പെട്ട് സംശയിക്കുന്നുണ്ട്. ഐശ്വര്യ തന്നെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങൾ പോലീസിന് കൈമാറിയത്.
എഫ്‌ഐആറിൽ 3.6 ലക്ഷം രൂപയുടെ മോഷണമാണ് നടന്നിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഇതിലും കൂടുതൽ നഷ്ടപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
2019 ൽ സഹോദരിയുടെ വിവാഹത്തിന് ശേഷം സെന്റ് മേരീസ് റോഡിലെ അപ്പാർട്ട്‌മെന്റിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരങ്ങൾ ഏപ്രിൽ 9, 2022 ൽരജനികാന്തിന്റെ പയസ് ഗാർഡൻ വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ ലോക്കറിന്റെ താക്കോൽ മേരീസ് അപ്പാർട്ട്‌മെന്റിലെ അലമാരയിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഇക്കാര്യം വീട്ടിലെ സഹായികൾക്ക് അറിയാമായിരുന്നു എന്നാണ് ഐശ്വര്യ പോലീസിനോട് പറഞ്ഞത്. സെക്ഷൻ 381 പ്രകാരം തെയ്‌നാമ്പേട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.