ഈ അടുത്ത് നിരവധി ട്രോള് ചെയ്യപ്പെട്ട ചിത്രമായിരുന്നു നടൻ കൃഷ്ണകുമാറിന്റെ പശുവുമൊത്തുള്ള ചിത്രവും അതിന്റെ അടിക്കുറിപ്പും.എന്നാൽ വിമർശനങ്ങളെ പോസിറ്റീവായി കാണുന്ന ശൈലി തന്നെയാണ് ട്രോളുകളുടെ കാര്യത്തിലുമെന്ന് അദ്ദേഹം പറയുന്നു. പുതിയ യൂട്യൂബ് വ്ലോഗിൽ ഭാര്യ സിന്ധു കൃഷ്ണയായിരുന്നു ട്രോളുകളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കൃഷ്ണകുമാറിനോടു ചോദിച്ചത്.കിച്ചു (കൃഷ്ണകുമാര്‍) ബെംഗളൂരുവില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ് അത്. കുറേ മാധ്യമങ്ങളില്‍ അത് വാര്‍ത്തയായി. രസകരമായ ഏറെ ട്രോളുകളാണ് വന്നത്. ഇത് കാണുമ്പോള്‍ കിച്ചു എങ്ങനെയാണ് പ്രതികരിച്ചത് എന്ന് അറിയാനുള്ള
ആകാംക്ഷയുണ്ടാകില്ലെ?, അതിനെക്കുറിച്ചും. ‘ചാണകം’ എന്നൊക്കെ ആളുകള്‍ പറയുന്നതില്‍ എന്താണ് തോന്നുന്നത് എന്ന് നമ്മുക്കറിയമല്ലോ എന്ന് പറഞ്ഞാണ് സിന്ധു കൃഷ്ണകുമാറിന്‍റെ പ്രതികരണം തേടുന്നത്.
കൃഷ്ണകുമാറിന്റെ മറുപടി ഇങ്ങനെ: ‘‘അച്ഛനൊരു കോണ്‍ഗ്രസുകാരനായിരുന്നു. കെ. കരുണാകരനേയും ഇന്ദിരാഗാന്ധിയേയുമൊക്കെ വലിയ ഇഷ്ടമായിരുന്നു. അന്നത്തെ ഏറ്റവും ശക്തനായ നേതാവ് കരുണാകരൻ. എന്നും പേപ്പറില്‍ അദ്ദേഹത്തെക്കുറിച്ച് കാര്‍ട്ടൂണ്‍ വരുമായിരുന്നു. നിങ്ങളെ ഇത്രയധികം അവഹേളിച്ചിട്ടും എന്താണ് നടപടി എടുക്കാത്തതെന്ന് അന്നു പത്രക്കാര്‍ ചോദിച്ചിരുന്നു. ‘ഞാനെന്തിനാണ് അവരെ തടയുന്നത്, കുപ്രസിദ്ധിയാണല്ലോ അവരുണ്ടാക്കാന്‍ നോക്കുന്നത്. അതിലെ കു മാറ്റിയാല്‍ പ്രസിദ്ധിയല്ലേ’. ഇതായിരുന്നു അദ്ദേഹത്തിന്റ മറുപടി. നമ്മളെ പ്രശസ്തരാക്കുന്നതില്‍ വലിയൊരു പങ്ക് ട്രോളര്‍മാര്‍ക്കുണ്ട്. അതിനകത്തൊരു കഴിവുണ്ട്. എല്ലാത്തിലുമല്ല, ഒരുപാട് ചിന്തിച്ച് രസകരമായി ട്രോളുണ്ടാക്കുന്നവരുണ്ട്.
നല്ല കമന്റുകളാണ് എല്ലാം. പശുക്കളെക്കാളും എനിക്കിഷ്ടം തോന്നിയത് ട്രോള്‍ ചെയ്ത സഹോദരങ്ങളെയാണ്. പാട്ടൊക്കെ എഴുതിയിട്ടുണ്ട്. ഇഷ്ടപ്പെട്ടു, ഇതെല്ലാം നമ്മളെ എന്‍ഗേജ്‌മെന്റ് ചെയ്യിക്കും. ‘‘ചേട്ടാ ചേട്ടന്‍ പശൂനെ കെട്ടിപ്പിടിക്കുന്നു, ഒരു മോള്‍ എഴുതിയിട്ടുണ്ട് ബീഫാണ് ഇഷ്ടമെന്ന്’’. അനിയാ ഞാനും ബീഫൊക്കെ കഴിച്ചിരുന്നയാളാണ്. പ്രായമൊക്കെ ആയില്ലേ, അതുകൊണ്ട് നിര്‍ത്തിയതാണ്. ഈ രാജ്യത്ത് ബീഫൊന്നും നിരോധിച്ചിട്ടില്ല. ബീഫിനെക്കുറിച്ച് തെറ്റായ രീതികൾ പ്രചരണങ്ങൾ വന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടേത്. ഇനിയും നിങ്ങൾ പ്രതികരിക്കണം. എന്നെ കണ്ടാല്‍, ചേട്ടാ അന്ന് മറ്റേ തെറിയെഴുതിയത് ഞാനാണ് എന്നു പറയണം. എനിക്കൊന്നും തോന്നില്ല, എനിക്കാരോടും ദേഷ്യമില്ല. എല്ലാത്തിനേയും വളരെ ലൈറ്റായി കാണാന്‍ ശ്രമിക്കുക.
ശ്രീശ്രീ രവിശങ്കറിന്റെ ബെംഗളൂരുവിലെ ഗോശാലയിൽ വച്ചെടുത്ത ചിത്രമാണിത്. വളരെ പ്രത്യേകതയുളള 2500 പശുക്കൾ അവിടെയുണ്ട്. ’’–കൃഷ്ണകുമാർ പറഞ്ഞു.
സിന്ധു കൃഷ്ണ: ‘‘അച്ഛൻ പശുവിന്റെ കൂടെ നിൽക്കുമ്പോൾ അഹാനയ്ക്ക് ഇഷ്ടം ബീഫ് ആണെന്ന് പറഞ്ഞും കമന്റ് കണ്ടിരുന്നു. ഇടയ്ക്ക് അമ്മൂനോട് (അഹാന) അമ്മ ഉണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ ഏതാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ ബീഫ് ഉലര്‍ത്തിയത് ഇഷ്ടമെന്ന് പറഞ്ഞിരുന്നു. അത് വച്ചാണ് ആ ട്രോൾ ഉണ്ടാക്കിയത്.’’
കൃഷ്ണകുമാർ: ‘‘ബീഫ് ഇഷ്ടമുള്ളവര്‍ക്ക് കഴിക്കാം. നല്ല ഭക്ഷണമാണ്. പോത്ത്, എരുമ, കാള ഇതിനെ വില്‍ക്കാം, കഴിക്കാം. പശുവിനെ മാത്രം ഒഴിവാക്കുന്നുവെന്നേയുള്ളൂ. ഇത് രാഷ്ട്രീയപരമോ മതപരമോ അല്ല. ഭക്ഷണത്തിനെന്ത് രാഷ്ട്രീയം.’’