കയർപിരി സംഘങ്ങൾക്ക് 7.74 കോടി അനുവദിച്ചു
പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് ഇൻസന്റീവ് പദ്ധതിപ്രകാരം കയർപിരി മേഖലയിലെ 584 സഹകരണസംഘങ്ങൾക്ക് 7.74 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. മേഖലയിലെ 584 സംഘങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംഘങ്ങളുടെ ഉൽപാദന-വിപണന ഇൻസന്റീവുകളുമായി ബന്ധപ്പെട്ട കുടിശിക തീർക്കാൻ തുക വിനിയോഗിക്കും.
കയർ സഹകരണ സംഘങ്ങൾക്ക് എം.ഡി.എ, പി.എം.ഐ, ഐ.എസ്.എസ് പദ്ധതികൾക്കായി 28.7 1 കോടി രൂപ ഇതിനോടകം നൽകിയിരുന്നു. ഐ.എസ്.എസ് പദ്ധതിക്കായി 10 കോടി രൂപ കൂടി തൊഴിൽ വകുപ്പിൽ നിന്നും ലഭ്യമാക്കും.
വാർഷിക പദ്ധതിയിൽ 91 ശതമാനം തുക ചെലവഴിച്ച് കയർ വികസന വകുപ്പ്
വാർഷിക പദ്ധതിയുടെ 91 ശതമാനം തുക ചെലവഴിച്ച് പദ്ധതി നിർവ്വഹണത്തിൽ കയർ വികസന വകുപ്പ് മികച്ച പ്രകടനം കാഴ്ച വച്ചു. ഇതിനകം 103 കോടി രൂപ പദ്ധതി നടത്തിപ്പിനായി ചെലവഴിച്ചാണ് വകുപ്പ് മികച്ച നേട്ടം കൈവരിച്ചത്. 112.74 കോടി രൂപയായിരുന്നു ഈ വർഷത്തെ കയർ വികസന വകുപ്പിൻറെ പദ്ധതി വിഹിതം. കേരളത്തിലെ കയർ മേഖലയിൽ രണ്ടാം പുന:സംഘടനാ പദ്ധതി നടപ്പാക്കിയ കാലയളവായിരുന്നു പതിമൂന്നാം പഞ്ചവൽസര പദ്ധതിയുടെ അവസാന വർഷം.
ചകിരി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, പരമ്പരാഗത തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിച്ച് യന്ത്രവത്കരണം നടത്തുക എന്നീ ലക്ഷ്യങ്ങൾ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞതായി കയർ വികസന വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഈ സാമ്പത്തിക വർഷം കയർഫെഡ് വിതരണം ചെയ്ത ചകിരിയിൽ 48 ശതമാനം കേരളത്തിൽ നിന്ന് ഉൽപാദിപ്പിച്ചതാണ്.
കയർപിരി മേഖലയിൽ 150 കയർ സഹകരണ സംഘങ്ങളിലായി 1500 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഉൽപ്പന്ന നിർമ്മാണ മേഖലയിൽ 6 സഹകരണസംഘങ്ങൾ ഓട്ടോമാറ്റിക് ലൂമുകൾ സ്ഥാപിച്ച് ആധുനിക വത്കരിക്കുന്ന പദ്ധതി അതിവേഗം നടപ്പാക്കിവരികയാണ്. സമയബന്ധിതമായി വർക്കിംഗ് ഗ്രൂപ്പുകൾ ചേർന്ന് പദ്ധതികൾ അംഗീകരിക്കുന്നതിനും ധന ലഭ്യത ഉറപ്പുവരുത്തുന്നതിനും കഴിഞ്ഞതിലൂടെയാണ് പദ്ധതി പ്രവർത്തനങ്ങളിൽ മികവ് നേടാൻ സാധിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
കയർ തൊഴിലാളികളുടെ പെൻഷൻ ഉൾപ്പെടെ ക്ഷേമ പദ്ധതികൾക്കും കോവിഡ് കാല ആശ്വാസ ധന സഹായത്തിനു മായി മൊത്തം ചെലവഴിച്ചത് 125.11 കോടി രൂപയാണ്. പദ്ധതിയിതര ധനവിനിയോഗം കൂടി കണക്കിലെടുത്താൽ കയർമേഖലക്കായി ഈ സാമ്പത്തികവർഷം ഇതുവരെ സർക്കാർ മൊത്തം ചെലവഴിച്ചത് 201.43 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ 10 ഇന പരിപാടി: ബിരുദ വിദ്യാർത്ഥികൾക്കായുള്ള പ്രതിഭ ധനസഹായ പദ്ധതിയിൽ ഇന്ന് (21/02/2022) മുതൽ അപേക്ഷിക്കാം
*സ്കോളർഷിപ്പ് തുക ഒരു ലക്ഷം രൂപ
മുഖ്യമന്ത്രിയുടെ 10 ഇനപരിപാടിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ https://dcescholarship.kerala.gov.in എന്ന പോർട്ടലിലൂടെ ഇന്ന് (21/02/2022) മുതൽ മാർച്ച് അഞ്ച് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2020-21 അധ്യയന വർഷം അവസാന വർഷ ഡിഗ്രി ബിരുദ പരീക്ഷ പാസായവരിൽ നിന്നും പരീക്ഷയിൽ ലഭിച്ച ആകെ സ്കോറിന്റെ അടിസ്ഥാനത്തിലാണ് അർഹരെ തെരഞ്ഞെടുക്കുന്നത്.
സംസ്ഥാനത്തെ 14 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിൽനിന്നും 2020-21 അധ്യയന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും 75 ശതമാനത്തിന് മുകളിൽ മാർക്കുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കണം. ബിരുദ സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഏറ്റവും പുതിയ വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുന്ന സമയത്ത് അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്ക്: ഗോകുൽ ജി. നായർ- 9746969210,
അനീഷ് കുമാർ വൈ.പി- 7907052598,
അഭിജിത്ത്. എ.എസ്- 6238059615,
ഇ-മെയിൽ ഐ.ഡി: cmscholarshipdce@gmail.com
സഹകരണ നിക്ഷേപ സമാഹരണ യജ്ഞം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും
സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നാളെ (ഫെബ്രുവരി 21 ) വൈകിട്ട് നാലിന് സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയാക്കോട് കൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തും. വി. ജോയ് എംഎൽഎ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ, എംപ്ലോയ്സ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽ കുമാർ, നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ കെ.പി. സതീഷ് ചന്ദ്രൻ എന്നിവർ സംസാരിക്കും.

