ബാർ ലെെസൻസ് നേടാൻ നൽകിയ സത്യവാങ്മൂലത്തിൽ വയസ്സിൽ കൃത്രമം കാട്ടിയതിന് നർകോട്ടിക്സ് ബ്യൂറോയുടെ മുൻ മുംബെെ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് എതിരെ എഫ്ഐആർ.
1997ൽ സദ്ഗുരു എന്ന ബാറിന്റെ ലെെസൻസിന് അപേക്ഷിക്കുമ്പോൾ സമീർ വാങ്കഡെയ്ക്ക് 18 വയസ്സിൽ താഴെയായിരുന്നു എന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ശങ്കർ ഗോഗവാലെ ശനിയാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കൊപാരി പോലീസ് വാങ്കഡെയ്ക്കെതിരെ കേസ് എടുത്തത്. ബാറിൻറെ ലൈസൻസ് റദ്ദാക്കാൻ താനെ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്.
നേരത്തെ നവി മുംബൈയിലെ സദ്ഗുരു എന്ന ബാറിന്റെ ലെെസൻസ് വാങ്കഡെ സ്വന്തമാക്കിയത് അനധികൃതമായാണെന്ന് എൻസിപി വക്താവും സംസ്ഥാന കാബിനറ്റ് മന്ത്രിയുമായ നവാബ് മാലിക് ആരോപണം ഉന്നയിച്ചിരുന്നു. ബാറിന് ലൈസൻസ് ലഭിക്കുമ്പോൾ സമീർ വാങ്കഡെയ്‌ക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുളളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മദ്യവിൽപ്പനയ്ക്ക് ലൈസൻസ് ലഭിക്കുന്നതിനായി സമീർ വാങ്കഡ തന്റെ പ്രായത്തെക്കുറിച്ച് തെറ്റായ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതായി പോലീസ് വ്യക്തമാക്കി.
1997 ഫെബ്രുവരിയിൽ ലൈസൻസിനായി അപേക്ഷ സമർപ്പിക്കുമ്പോൾ തീയതി സൂചിപ്പിച്ചിരുന്നില്ലെന്നും എന്നാൽ സത്യവാങ്മൂലത്തിലും സ്റ്റാമ്പ് പേപ്പറിലും വാങ്കഡെ പ്രായപൂർത്തിയായ ആളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.