നടി രശ്‌മിക മന്ദനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ച കേസിൽ മുഖ്യ പ്രതി ആന്ധ്രാപ്രദേശിൽ പിടിയിലായി. ഡൽഹി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. രശ്‌മികയുടെ ഡീപ് ഫേക്ക് വീഡിയോ കഴിഞ്ഞ വർഷം നവംബറിലാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.
ബ്രിട്ടീഷ് ഇൻഡ്യൻ ഇൻഫ്‌ളുവൻസറായ സാറ പട്ടേലിന്റെ വീഡിയോയാണ് മോർഫ് ചെയ്ത് രശ്മിക മന്ദാനയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ ആശങ്ക ഉന്നയിച്ച് രംഗത്തെത്തിയത്. ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച ശേഷം വ്യാജ അക്കൗണ്ട് വഴിയാണ് അത് പ്രചരിപ്പിച്ചത്.
സംഭവത്തിൽ വ്യക്തിയുടെ പ്രശസ്തി അപകീർത്തിപ്പെടുത്തുന്നതും കളങ്കപ്പെടുത്തുന്നതിലും ഐപിസി 465, 469 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 66 സി (ഐഡന്റിറ്റി മോഷണം), 66 ഇ (സ്വകാര്യത ലംഘനം) എന്നീ വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.