ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ എല്ലാവര്ക്കും വീടുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. മരുതോങ്കര ഗ്രാമപഞ്ചായത്ത് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങലും നാലാം വാര്‍ഷിക ഉദ്ഘാടനവും ലൈഫ് രണ്ടാംഘട്ട സമ്പൂര്‍ണ പ്രഖ്യാപനവും ജലവിഭവ സര്‍വെ റിപ്പോര്‍ട്ട് സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനാണ് ലൈഫ് മിഷന് അടക്കമുള്ള നവകേരള മിഷനുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ വിവിധ കാലങ്ങളില്‍ മുടങ്ങിക്കിടന്ന വീടുകള്‍ പൂര്‍ത്തിയാക്കി. രണ്ടാംഘട്ടത്തില്‍ സ്ഥലമുണ്ടായിട്ടും വീട് നിര്‍മ്മിക്കാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്കി. മൂന്നാംഘട്ടത്തില്‍ വീടും സ്ഥലവുമില്ലാത്തവര്‍ക്ക് ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കുകയാണ്. 10 ജില്ലകളില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചു. 14 ജില്ലകളിലായി 56 ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
വീട് നിര്‍മ്മാണത്തിന്റെ മാനദണ്ഡങ്ങളില്‍ നിന്ന് വ്യതിചലിച്ചതിന്റെ ഭാഗമായി വീട് കിട്ടാത്തവരുടെ കാര്യം വീണ്ടും പരിശോധനക്ക് വിധേയമാക്കും. അര്‍ഹതപ്പെട്ടവരാണെങ്കില്‍ ഇവര്‍ക്ക് വീടിന്റെ ലഭ്യത ഉറപ്പുവരുത്തും. കൈവശരേഖയില്ലാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടുന്ന തോട്ടക്കാട് ഭൂമിയിലുള്ളവര്‍ക്ക് ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ രേഖ നല്‍കാനുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
ഇ കെ വിജയന് എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനരേഖ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ജലവിഭവ സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സജിത്ത് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി ജി ജോര്‍ജ്ജ് മാസ്റ്റര്‍, കോഴിക്കോട് ഡിഡിപി പി ജി പ്രകാശ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പി ബാബുരാജ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി കെ ശോഭ, കെ ടി മുരളി, ബിബി പാറക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി പി റീന, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ അനീഷ്, ടി പി അശോകന്, ടി പി രജിലേഷ്, എം പി വിജയലക്ഷ്മി, ബീന ആലക്കല്‍, നിഷ കൊല്ലിയില്‍, കെ റംല, പഞ്ചായത്ത് സെക്രട്ടറി പി ചന്ദ്രന്, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാണു, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം സതി സ്വാഗതവും എം സി സുരേന്ദ്രന് നന്ദിയും പറഞ്ഞു.