റെക്കോർഡുകൾ തിരുത്തി അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്‍ത തെലുങ്ക് ആക്ഷന്‍ ഡ്രാമ ചിത്രം പുഷ്‍പ. ചിത്രത്തിന് മികച്ച ഇനിഷ്യലാണ് ലഭിച്ചതെന്ന് ഇന്നലെതന്നെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. വിജയുടെ മാസ്റ്ററിനെയെയും ഈ വാരമെത്തിയ സ്പൈഡര്‍ മാന്‍ നോ വേ ഹോമിനെയും പിന്തള്ളി ഇന്ത്യയില്‍ ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ആദ്യദിന കളക്ഷനില്‍ ഒന്നാമതെത്തിയിരുന്നു പുഷ്പ.
ഇപ്പോൾ ചിത്രത്തിന്‍റെ ആദ്യ രണ്ട് ദിവസത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ആദ്യ രണ്ട് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 116 കോടിയാണ് നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിക്കുന്നു.
ഈ വര്‍ഷം ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ഗ്രോസ് കളക്ഷനാണ് ഇതെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത് . വന്‍ ഹൈപ്പുമായെത്തിയ ചിത്രത്തിന് ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും വെള്ളിയാഴ്ചത്തേതില്‍ നിന്നും ശനിയാഴ്ചയിലേക്ക് എത്തുമ്പോള്‍ കളക്ഷനില്‍ വര്‍ധനവാണ് എല്ലാ മാര്‍ക്കറ്റുകളിലും ചിത്രം നേടിയിരിക്കുന്നത്.
തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഹിന്ദി പതിപ്പ് ആദ്യദിനം 3 കോടിയാണ് നേടിയതെങ്കില്‍ ശനിയാഴ്ച 4 കോടി നേടി. തമിഴ്, തെലുങ്ക് പതിപ്പുകളില്‍ നിന്നായി തമിഴ്നാട്ടില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 4.06 കോടിയാണ്. രണ്ടാംദിനം 3.3 കോടിയും. വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ചത്തെ പെയ്‍ഡ് പ്രിവ്യൂ അടക്കം യുഎസില്‍ നിന്ന് ചിത്രം ഇതുവരെ കളക്ട് ചെയ്‍തിരിക്കുന്നത് 1.30 മില്യണ്‍ ഡോളര്‍ (9.9 കോടി രൂപ) ആണ്.