തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന അറുമുഖസാമി അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പ്രതികരിച്ച് വി.കെ.ശശികല.ചികിത്സാ കാലഘട്ടത്തില്‍ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ വേണ്ടിവന്നിട്ടില്ലെന്നും വിദേശ ചികിത്സക്കായി ജലളിതയെ കൊണ്ടുപോകുന്നത് തടഞ്ഞിട്ടില്ലെന്നും ശശികല അറിയിച്ചു. ഇത് സംബന്ധിച്ച് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ശശികല മൂന്ന് പേജ് വരുന്ന കത്തില്‍ വിശദീകരിക്കുന്നു. സൗഹൃദത്തിന്റെ ഉദാത്ത മാതൃകയാണ് താനും ജയയുമെന്നും ശശികല കത്തില്‍ സൂചിപ്പിച്ചു. ചികിത്സാകാര്യങ്ങളെല്ലാം മെഡിക്കൽ സംഘത്തിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ശശികല പറഞ്ഞു.‘‘ജയലളിതയെ രാഷ്ട്രീയമായി നേരിടാൻ ധൈര്യമില്ലാത്തവരുടെയും മരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നോക്കിനിൽക്കുന്നവരുടെയും നീചമായ നിലപാടിനെ ഇനി ആരും പിന്തുണക്കില്ല. അമ്മ(ജയലളിത)യുടെ മരണത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല. ഈ കാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ മെഡിസിൻ പഠിച്ചിട്ടില്ല. ചികിത്സാ സംബന്ധമായ എല്ലാ നടപടികളും സ്വീകരിച്ചത് മെഡിക്കൽ സംഘമാണ്. അമ്മയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. വിദേശത്തു കൊണ്ടുപോയി ചികിത്സിക്കുന്നതിനും ഞാൻ തടസ്സം നിന്നിട്ടില്ല.’– ശശികല പറഞ്ഞു.ജയലളിതയുടെ മരണത്തില്‍ ശശികല ഉള്‍പ്പെടെ നാല് പേര്‍ കുറ്റക്കാരാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് ഡോ. അറുമുഖ സ്വാമി കമ്മീഷന്റെ ശുപാര്‍ശ.
2017 ഓഗസ്റ്റിൽ അണ്ണാ ഡിഎംകെ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് ഇന്നലെയാണ് തമിഴ്നാട് നിയമസഭയിൽ സമർപ്പിച്ചത്.ആരോഗ്യ നില മോശമായതിനെത്തുടർന്ന് 2016 സെപ്റ്റംബർ 22നാണു ജയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 74 ദിവസത്തിനു ശേഷം ഡിസംബർ അഞ്ചിനു രാത്രി 11.30നു ജയ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, തെളിവുകൾപ്രകാരം തലേന്ന് ഉച്ചകഴിഞ്ഞ് മൂന്നിനും മൂന്നരയ്ക്കുമിടയ്ക്കു മരണം സംഭവിച്ചിരിക്കാമെന്നു കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.

