കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടം. റോഡുകളും കെട്ടിടങ്ങളും പാലങ്ങളും തകർന്നു. പുഴകൾ നിറഞ്ഞൊഴുകുന്ന സാഹചര്യമാണ്. മലയോര മേഖലയിൽ സ്ഥിതി രൂക്ഷമാണ്.
മഴക്കെടുതിയിൽ നേപ്പാളിൽ നിന്നുള്ള മൂന്ന് തൊഴിലാളികൾ ഉൾപ്പെടെ അഞ്ച് പേർ ഇതുവരെ കൊല്ലപ്പെട്ടു. പൗരി ജില്ലയിലെ ലാൻസ്ഡൗണിനടുത്ത് തൊഴിലാളികൾ താമസിക്കുന്ന വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണാണ് 3 പേർ മരിച്ചത്. ചമ്പാവത്ത് ജില്ലയിൽ വീട് തകർന്ന് മറ്റ് രണ്ട് പേർ മരിച്ചു. ഇവിടെ ജലനിരപ്പ് ഉയർന്നതോടെ നിർമ്മാണത്തിലിരുന്ന ചൽത്തി നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയി.
തുടർച്ചയായ മഴയിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ചു. സ്ഥിതിഗതികൾ മുഖ്യമന്ത്രി മോദിയെ ധരിപ്പിക്കുകയും ഭരണകൂടം പൂർണ ജാഗ്രത പുലർത്തുകയാണെന്നും അറിയിച്ചു. സാഹചര്യം നേരിടാൻ ആവശ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി ധാമിക്ക് ഉറപ്പ് നൽകി.