കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് മുന്‍നിര സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേര് ‘എക്‌സ്’ എന്നാക്കി മാറ്റിക്കൊണ്ട് കമ്പനി ഉടമയും വ്യവസായിയുമായ ഇലോണ്‍ മസ്‌ക് പ്രഖ്യാപനം നടത്തിയത്. ട്വിറ്ററിനെ അടിമുടി മാറ്റാനുള്ള ശ്രമത്തിലാണ് മസ്‌കും സംഘവും. ഇപ്പോള്‍ സൗജന്യമായി ഉപയോഗിക്കാനാവുന്ന എക്‌സ്.കോം അധികം വൈകാതെ ഒരു പെയ്ഡ് സേവനം ആയി മാറിയേക്കും എന്ന സൂചന നല്‍കുകയാണ് ഇപ്പോള്‍ ഇലോണ്‍ മസക്. ഇതോടെ എക്‌സ് ഉപഭോക്താക്കള്‍ എല്ലാവരും തന്നെ സേവനങ്ങള്‍ ലഭ്യമാകണം എങ്കില്‍ ഒരു നിശ്ചിത തുക പ്രതിമാസ വരിസംഖ്യയായി നല്‍കേണ്ടി വരും. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എന്നാല്‍ ഈ പ്രതിമാസം തുക എത്രയായിരിക്കും എന്ന് മസ്‌ക് വ്യക്തമാക്കിയില്ലെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രായേലൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ എക്‌സുമായി ബന്ധപ്പെട്ട ചില കണക്കുകളും മസ്‌ക് വെളിപ്പെടുത്തി. എക്‌സിന് ഇപ്പോള്‍ 55 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട്. ദിവസേന 10 കോടി മുതല്‍ 20 കോടി പോസ്റ്റുകളും പങ്കുവെക്കപ്പെടുന്നു.
ഈ പ്രതിമാസ സജീവ ഉപഭോക്താക്കളില്‍ എത്രപേര്‍ യഥാര്‍ത്ഥ ഉപഭോക്താക്കളാണെന്നും എത്രയെണ്ണം ബോട്ടുകളാണെന്നും മസ്‌ക് വ്യക്തമാക്കിയില്ല. മാത്രവുമല്ല പഴയ ട്വിറ്ററിന്റെ കണക്കുകളുമായുള്ള തരതമ്യത്തിനും അദ്ദേഹം തയ്യാറായില്ല. എഐയുടെ ഭീഷണികളെ കുറിച്ചും അതെങ്ങിനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചുമാണ് നെതന്യാഹുവും മസ്‌കും പ്രധാനമായും ചര്‍ച്ച ചെയ്തത്.
4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത്. ട്വിറ്ററിനെ ഒരു എവരിതിങ് ആപ്പ് ആക്കി മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. ട്വിറ്ററിന്റ പേര് എക്‌സ് ആക്കിയതിന് പിന്നാലെ ട്വിറ്ററിന്റെ പക്ഷിയുടെ ചിഹ്നവും മാറ്റി പുതിയ ലോഗോ സ്ഥാപിച്ചു.
നിലവില്‍ എക്‌സ് പ്രീമിയം എന്ന പേരില്‍ പണം വാങ്ങിയുള്ള സബ്‌സ്‌ക്രിപ്ഷന്‍ സേവനം എക്‌സ് നല്‍കുന്നുണ്ട്. എക്‌സ് പ്രീമിയം വരിക്കാര്‍ക്ക് ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ഉള്‍പ്പടെ അധിക ആനൂകൂല്യങ്ങള്‍ക് കമ്പനി വാഗ്ദാനം ചെയ്യുന്നു.

