കീവ്: യുക്രെയ്ന്‍ സമാധാനകരാറില്‍ തീരുമാനമായില്ല. പ്രഖ്യാപനങ്ങളില്ലാതെ ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ച അവസാനിച്ചു. അമേരിക്ക- റഷ്യ- യുക്രെയ്ന്‍ ത്രികക്ഷിചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പിടിച്ചെടുത്ത പ്രവിശ്യകള്‍ വിട്ടുകൊടുക്കുന്നതില്‍ ഉള്‍പ്പെടെ തീരുമാനം ത്രികക്ഷി ചര്‍ച്ചയില്‍ ഉണ്ടായേക്കും. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡോണള്‍ഡ് ട്രംപിനെ അറിയിച്ചെന്നാണ് വിവരം.
കൂടിക്കാഴ്ചയ്ക്ക് ഉടന്‍ അവസരം ഒരുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ചര്‍ച്ചയ്ക്കിടെ ട്രംപ് പുടിനെ വിളിച്ച് 40 മിനിറ്റോളം സംസാരിച്ചെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. സെലന്‍സ്‌കി-പുടിന്‍ കൂടിക്കാഴ്ച രണ്ടാഴ്ചക്കകം നടന്നേക്കുമെന്നാണ് വിവരം. സമാധാന കരാറിലെത്താന്‍ യുക്രെയ്‌നും റഷ്യയും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടു. ഇരുപക്ഷവും തമ്മിലുളള ആശയവിനിമയം യുഎസ് ഉറപ്പാക്കുമെന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.
ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ചയ്ക്ക് മുമ്പായി യുക്രെയ്‌നില്‍ റഷ്യ ആക്രമണം നടത്തിയിരുന്നു. കാര്‍ഖീവിലെ കെട്ടിടസമുച്ചയത്തിന് നേരെ നടന്ന റഷ്യന്‍ ആക്രമണത്തില്‍ അടക്കം യുക്രെയ്‌നില്‍ 14 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

