ഡെറാഡൂണ്‍: ഡെറാഡൂണില്‍ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനസില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഉത്തരാഖണ്ഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ മൂന്ന് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തു.സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ കൂടിയായ ബസ് ഡ്രൈവര്‍ ധര്‍മേന്ദ്ര കുമാര്‍ (32), കണ്ടക്ടര്‍ ദേവേന്ദ്രകുമാര്‍ (52), ടിക്കറ്റ് കൗണ്ടര്‍ കാഷ്യര്‍ രാജേഷ് കുമാര്‍ സോങ്കര്‍ (38), കരാര്‍ ഡ്രൈവര്‍മാരായ രവികുമാര്‍ (34), രാജ്പാല്‍ സിങ് (57) എന്നിവരാണ് അറസ്റ്റിലായത്.
യുപിയിലെ മൊറാദാബാദ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഡല്‍ഹിയിലെ കശ്മീര്‍ ഗേറ്റ് ഐഎസ്ബിടിയില്‍ എത്തിയ പെണ്‍കുട്ടിയെ ഡെറാഡൂണിലേക്ക് എത്തിക്കാം എന്ന് പറഞ്ഞാണ് ഡ്രൈവറും കണ്ടക്ടറും ബസില്‍ കയറ്റിയത്. ടിക്കറ്റിനുള്ള പണം നല്‍കുകയും ചെയ്തു. ഡെറാഡൂണിലെത്തിയ ശേഷം ഐഎസ്ബിടിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തുകയും അവിടെ വെച്ച് മറ്റ് പ്രതികളുമായി ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 നാണ് സെക്യൂരിറ്റ് ഗാര്‍ഡ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ഇയാളാണ് എമര്‍ജന്‍സി ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരെത്തി പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു. ഇവര്‍ പെണ്‍കുട്ടിക്ക് പ്രാഥമിക വൈദ്യപരിശോധനയും കൗണ്‍സിലിംഗും നടത്തി. കൗണ്‍സിലിങ്ങിലാണ് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി തുറന്ന് പറയുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.