അതിജീവിതയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി പരിഗണിക്കാൻ വൈകിയതിന് ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.ഇത്തരം അടിയന്തരപ്രാധാന്യമുള്ള കേസിൽ നിരുത്സുകമായ സമീപനം ഹൈക്കോടതി സ്വീകരിക്കരുതായിരുന്നുവെന്ന് ജസ്റ്റിസ് ബി. വി. നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതിയുടെ സമീപനം കാരണം വിലയേറിയ സമയം പാഴായെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ചിട്ടും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ 12 ദിവസം വൈകിയെന്നു ചൂണ്ടിക്കാട്ടിയാണ് വിമർശനം.
ഗർഭഛിദ്രത്തിന് അനുമതി നൽകണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിക്കാൻ അവധി ദിവസമായിട്ടും ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തുകയായിരുന്നു. ഗർഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 7 -നാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഗർഭം 26-ാമത്തെ ആഴ്ചയിലായിരുന്നപ്പോഴാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. തൊട്ടടുത്ത ദിവസം ഹർജി പരിഗണിച്ച ഹൈക്കോടതി അതിജീവിതയെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു.