എൻ. ദാനിഷ്.
‘കുഞ്ഞെഴുത്തിന്റെ മധുരം’ എന്ന കൈയെഴുത്ത് മാസിക നിർമാണത്തിന് കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജെ. പോളിന് അംഗീകാരം. കുന്ദമംഗലം ഉപജില്ലയിലെ വിദ്യാർഥികൾ രചിച്ച നിരവധി കുഞ്ഞു മാസികകൾ ക്രോഡീകരിച്ച് അദ്ദേഹത്തിന് കീഴിൽ നിർമിച്ച ‘കുഞ്ഞെഴുത്തിന്റെ മധുരം’ പദ്ധതിക്ക് അറേബ്യൻ വേൾഡ് റെക്കോർഡ് അംഗീകാര പത്രമാണ് കെ.ജെ. പോളിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ അംഗീകാരപത്രം കൈമാറി.
എഴുത്തിനും വായനക്കും മുഖ്യ പരിഗണന നൽകി വിദ്യാഭ്യാസ മേഖലയിൽ പരീക്ഷണങ്ങൾ നടത്തുകയും വിദ്യാർഥികളുടെ അഭിരുചികൾക്കനുസരിച്ചു പുതിയ സാധ്യതകൾ തേടി ഒരുപിടി നേട്ടങ്ങളുമായി കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജെ. പോൾ. 1994ൽ ഗണിത ശാസ്ത്ര അധ്യാപകനായി സെന്റ്. ജോസഫ് എച്ച്.എസ് തലശ്ശേരിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പാഠഭാഗങ്ങളെ അധികരിച്ച് ഗണിതവുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ തയ്യാറാക്കുകയും കുട്ടികളെ പരിശീലിപ്പിക്കുകയും ആൾ ഇന്ത്യാ റേഡിയോയിൽ വിദ്യാഭ്യാസ പരിപാടികളിൽ അവതരിപ്പിക്കാനും സാധിച്ചു. ഗണിത ശാസ്ത്ര കയ്യെഴുത്ത് മാഗസിൻ തയ്യാറാക്കി. പുതിയ തലമുറ വായനയിൽ അല്പം പിറകിലാണെന്നു പൊതുവെ വിലയിരുത്തൽ ഉണ്ടെങ്കിലും പുസ്തകങ്ങളെ ഡിജിറ്റൽ രൂപത്തിൽ സ്വീകരിച്ചു തുടങ്ങിയെന്നത് ഭാവിയിലെ വായനക്ക് പ്രതീക്ഷ പകരുന്നതാണ് എന്നും മാർഗം ഏതായാലും വായന മരിക്കുന്നില്ല എന്നത് വലിയ പ്രത്യാശയാണ് എന്നും കെ.ജെ. പോൾ പറഞ്ഞു. 2015ൽ ഓപ്പൺ സ്കൂളിൻ്റെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ പുസ്തക രചയിതാവാകാനും സംസ്ഥാനത്തിലുള്ള ഹയർസെക്കന്ററി വിഭാഗത്തിലുള്ള എല്ലാ ഓപ്പൺ സ്കൂൾ അധ്യാപകർക്കും പരിശീലനം നൽകാനും ഇദ്ദേഹത്തിന് സാധിച്ചു. ഭിന്നശേഷി കുട്ടികൾക്ക് അവരുടെ ക്യാമ്പിൽ ഗണിതം മധുരം എന്ന സെഷനിലൂടെ ഗണിതത്തിൽ താൽപര്യമുണ്ടാക്കാൻ കഴിഞ്ഞു. 2019 ൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറായി ചുമതലയേറ്റു. കോവിഡ് കാലത്ത് കുന്ദമംഗലം ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും മികച്ച ഡാൻസ് കളിക്കുന്ന ഒരോ കുട്ടിയെ വീതം പങ്കെടുപ്പിച്ച് അവർ തന്നെ റിക്കോർഡ് ചെയ്ത് സുഖിനോ ഭവന്ദു എന്ന നൃത്താവിഷ്കാര പരിപാടിക്ക് നേതൃത്വം നൽകി. കുന്ദമംഗലം ഉപജില്ലയിൽ കോവിഡ് കാലത്ത് എല്ലാ സ്കൂളിനേയും പങ്കെടുപ്പിച്ച് സ്വന്തമായി കവിത തയ്യാറാക്കി കുട്ടികളെക്കൊണ്ട് തന്നെ ചൊല്ലിച്ച് തുമ്പപ്പൂക്കൾ എന്ന പേരിൽ പുസ്തകം പുറത്തിറക്കി. ഇത് കുട്ടികളിൽ വായന ശീലം വർധിപ്പിച്ചു എന്ന് കെ.ജെ. പോൾ പറഞ്ഞു. കുട്ടികൾക്ക് മാനസികമായി താൽപര്യമുണ്ടാക്കാൻ എല്ലാ വിദ്യാലയത്തേയും ഉൾപ്പെടുത്തി ആക്ടിവിറ്റിയിലൂടെ പ്രവർത്തിക്കാനും കരവിരുത് എന്ന പരിപാടി തുടർന്നു വരുന്നു. വിക്ടേഴ്സ് ക്ലാസിനൊപ്പം അക്ഷരമിഠായി എന്ന അധ്യാപകരുടെ കൂട്ടായ്മയിലൂടെ ക്ലാസുകൾ വളരെ ലളിതമാക്കി നൽകുന്നു.
എൻ്റെ വീട്ടിലും വിദ്യാലയത്തിലും വിഷ രഹിത പച്ചക്കറി എന്ന ആശയം ഉപ ജില്ലയിലെ എല്ലാ സ്കൂളുകളിലും വിദ്യാർഥികളുടെയും അധ്യാപകരുടെയും വീട്ടിലും പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്നു. കുട്ടികൾക്ക് എൽ.ഇ.ഡി ബൾബ്, ഫാൻ നിർമിക്കാൻ ആവശ്യമായ പരിശീലനമായ സേവ് എനർജി പ്രോഗ്രാം സംഘടിപ്പിച്ചു.
2005 ൽ ഗണിത ശാസ്ത്ര പരിഷത്തിൽ നിന്നും മികച്ച ഗണിത ശാസ്ത്ര അധ്യാപകനുള്ള അവാർഡ് ലഭിച്ചു. 2017 ൽ സംസ്ഥാന അധ്യാപകഅവാർഡ്, ആചാര്യ അവാർഡ് എന്നിവ ലഭിച്ചു. 2018 ൽ റോട്ടറി ക്ലബിൻ്റെ അപ്രീസിയേഷൻ അവാർഡും ഗ്ലോബൽ ടീച്ചർ റോൾ മോഡൽ അവാർഡും ലഭിച്ചു. ഇദ്ദേഹത്തിന് ആശയത്തിൽ നിന്ന് ഉദിച്ചതാണ് ‘കുഞ്ഞെഴുത്തിന്റെ മധുരം’ എന്ന കൈയെഴുത്ത് മാസിക. പുസ്തകങ്ങൾ വായിക്കുക, അതിലൂടെ എഴുത്തുകാരെ പരിപോഷിപ്പിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. എഴുതാൻ അവർക്ക് ഊർജം നൽകുന്നത് അവരുടെ പുസ്തകങ്ങൾ നാം വാങ്ങിക്കുമ്പോഴാണ്. വായനക്കാരന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും എഴുത്തുകാരനെ കൂടുതൽ ചിന്തിക്കാനും എഴുതാനും പ്രേരിപ്പിക്കുന്നു എന്നും കെ.ജെ. പോൾ അഭിപ്രായപ്പെട്ടു. കുന്ദമംഗലം ഉപജില്ലയിലെ 41 ഓളം വരുന്ന വിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണിത്. കുട്ടികളുടെ കൈയെഴുത്ത് പ്രോൽസാഹിപ്പിക്കുന്നതിനും വായന ശീലം വർധിപ്പിക്കുന്നതിനും ഇത് ഉപകാരപ്രദമാകും. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ 3500റോളം കൈയെഴുത്ത് മാസികകൾ നിർമിച്ചാണ് കുട്ടികൾ ചരിത്രനേട്ടം കൈവരിച്ചത്. ഈ ആശയം നൽകിയതിനും നേതൃത്വത്തിനും ഏകോപനത്തിനുമാണ് കെ.ജെ. പോളിനെ അറേബ്യൻ വേൾഡ് റെക്കോർഡ് പുരസ്കാരത്തിന് അർഹനാക്കിയത്.
ഭാര്യ : സീന പോൾ, മക്കൾ : അബിൻ പോൾ, അജയ് പോൾ.

