യോഗയില്‍ ലോക റെക്കോര്‍ഡ് നേടി ശ്രദ്ധേയനാവുകയാണ് സുബ്രഹ്മണ്യന്‍.
അന്താരാഷ്ട്ര യാഗ ദിനമായ ജൂണ്‍ 21 നോടനുബന്ധിച്ച് ചിദംബരത്തെ മാനുഷി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗ തെറാപ്പി ലക്ച്വര്‍ മാരത്തോണിലൂടെയാണ്‌കോഴിക്കോട് സ്വദേശിയായ സുബ്രഹ്മണ്യന്‍ റെക്കോര്‍ഡ് കരസ്ഥമാക്കിയത്.
മാനുഷി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ കൂടി ഭാഗമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ 25 രാജ്യങ്ങളില്‍ നിന്നും 25 വിശിഷ്ടാതിഥികളെ പങ്കെടുപ്പിച്ചുകൊണ്ട് തുടര്‍ച്ചയായി 25 മണിക്കൂര്‍ യോഗ നിയന്ത്രിച്ചാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പെരിങ്ങൊളം സ്വദേശിയായ സുബ്രഹ്മണ്യന്‍ മാനുഷി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും യോഗയില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. ഇതു കൂടാതെ ഹ്യൂമന്‍ റിസോഴ്‌സസ്, ടൂറിസം എന്നിവയിലും നിയമത്തിലും ഇദ്ദേഹം ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിട്ടുണ്ട്.
സിജിഎച്ച് എര്‍ത്ത് ഗ്രൂപ്പ്, കോക്കനട്ട് ലഗോണ്‍, മാരാരി ബീച്ച് റിസോര്‍ട്ട്, വയനാട് വൈല്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സുബ്രഹ്മണ്യന്‍ വൈത്തിരി വില്ലേജ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ തിരുപ്പൂര്‍ പോപ്പീസ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സില്‍ മെന്റര്‍ ആയി ജോലി ചെയ്യുന്നു. ദീപയാണ് ഭാര്യ. വിഷ്ണു, ശംഭു എന്നിവര്‍ മക്കളാണ്.