തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും നടന്‍ ആദി പിനി ഷെട്ടിയും വിവാഹിതരായി. ചെന്നൈയിലെ ഒരു ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മെഹന്ദി ചടങ്ങില്‍ ‘ആലുമാ ഡോലുമ’ എന്ന ഗാനത്തിന് ആദിയുടെ അടുത്ത സുഹൃത്തുക്കളും നടന്മാരുമായ നാനിയും സന്ദീപ് കിഷനും നൃത്തം ചെയ്യുന്നത് വീഡിയോയിലുണ്ട്. വൈകുന്നേരം നടന്ന പാര്‍ട്ടിയില്‍ അഭിനേതാക്കളായ ആര്യയും ഭാര്യ സയേഷയും പങ്കെടുത്തു.
ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും മാര്‍ച്ച് 24-നാണ് വിവാഹനിശ്ചയം നടത്തിയത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 1983-യിലൂടെയാണ് നിക്കി മലയാള സിനിമയിലെത്തിയത്. തുടര്‍ന്ന് വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി ‘ഒക്ക വി ചിത്തിരം’ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. ‘ഈറം’ എന്ന തമിഴ് സിനിമയിലൂടെ താരം കൂടുതല്‍ ശ്രദ്ധ നേടി.

