ജിഎസ്ടി വിഷയത്തില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ജിഎസ് ടി സംബന്ധിച്ച നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിനും, സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരമെന്ന് സുപ്രീമകോടതി വിധിച്ചു. ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ക്ക് ഉപദേശക സ്വഭാവം മാത്രമേ ഉള്ളുവെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കടല്‍ മാര്‍ഗം കൊണ്ടുവരുന്ന ഇറക്കുമതി ചെയ്ത സാധനങ്ങള്‍ക്ക് ജിഎസ്ടി ചുമത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.
ജനാധിപത്യ സംവിധാനത്തില്‍ ഫെഡറല്‍ യൂണിറ്റുകളുടെ അധികാരങ്ങള്‍ വിവരിക്കുന്ന സുപ്രധാന വിധിയാണ് സുപ്രീം കോടതി നടത്തിയത്. ചരക്ക് സേവന നികുതി സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും തുല്യ അധികാരമുണ്ടെന്നും ഉചിതമായ ഉപദേശം നല്‍കേണ്ടത് ജിഎസ്ടി കൗണ്‍സിലാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.