തിരുവനന്തപുരം: കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പങ്കെടുക്കാൻ കാത്തിരിക്കുകയാണെന്ന് ശശി തരൂർ എംപി. വികസനം രാഷ്ട്രീയത്തിന് അതീതമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 2022 ഫെബ്രുവരി 1ന് കേരളത്തിൽ വന്ദേഭാരത് ആവശ്യപ്പെട്ട് ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു.
ഈ ട്വീറ്റ് വീണ്ടും ഓർമിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ 25ന് തിരുവനന്തപുരത്ത് വച്ചാണ് ഫ്ലാഗ് ഓഫ് ചടങ്ങ്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നടപടിയിൽ സന്തോഷം ഉണ്ടെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു. അതേസമയം, രണ്ടാം ട്രയൽ റണ്ണിന്റെ ഭാഗമായി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ കാസർകോട് എത്തി.
പുലർച്ചെ 5.20നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.10നാണ് കാസർകോട്ട് എത്തിയത്. 7 മണിക്കൂർ 50 മിനിറ്റാണ് ട്രെയിൻ കാസർകോട്ട് എത്താൻ എടുത്ത സമയം. ബിജെപി പ്രവർത്തകരടക്കമുള്ളവർ ചേർന്നു വൻ വരവേൽപാണ് വന്ദേഭാരത് ട്രെയിനു നൽകിയത്. രാജ് മോഹൻ ഉണ്ണിത്താൻ എംപി അടക്കമുള്ള ജനപ്രതിനിധികളും സ്വീകരിച്ചു. 2.25ന് ട്രെയിൻ കാസർകോട്ടുനിന്നു തിരുവനന്തപുരത്തേയ്ക്കു തിരിച്ചു.