പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലിരിക്കെ മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്തയിൽ പ്രചാരണത്തിനെത്തില്ല. ത്രിണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രെയ്ൻ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രചാരണത്തിന്റെ അവസാന ദിവസം പ്രതീകാത്മക പ്രചാരണത്തിൽ മമത പങ്കെടുക്കുമെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോൾ കാര്യമായി പാലിച്ചിരുന്നില്ല. ഇത് വൈറസ് വ്യാപനം കൂടാൻ കാരണമായി. രാത്രി ഏഴ് മുതൽ രാവിലെ 10 വരെ സംസ്ഥാനത്ത് പ്രചാരണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ 30 മിനുട്ട് മാത്രമാണ് പ്രചാരണങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്. പശ്ചിമ ബംഗാളിൽ പെട്ടന്നാണ് കൊവിഡ് കേസുകൾ കൂടിയത്. സംസ്ഥാനത്ത് ഇപ്പോൾ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 6,59927 പേരാണ്. ഒറ്റ ദിവസം 8419 പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്.