സമ്മാനങ്ങൾ വിതരണം ചെയ്തു
ആസദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നിയമ വകുപ്പ് ജീവനക്കാർക്കായി സംഘടിപ്പിച്ച ലേഖനമെഴുത്ത് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വ്യവസായ – നിയമ വകുപ്പ് മന്ത്രി പി. രാജീവ് സമ്മാനദാനം നിർവഹിച്ചു. സെക്രട്ടേറിയറ്റ് അനക്സ്-2ലെ ശ്രുതി ഹാളിൽ നടന്ന ചടങ്ങിൽ നിയമ വകുപ്പ് സെക്രട്ടറി വി. ഹരി നായർ, സ്പെഷ്യൽ സെക്രട്ടറി സാദിഖ് എം.കെ., അഡിഷണൽ നിയമ സെക്രട്ടറിമാരായ എൻ. ജീവൻ, ബി.എസ്. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഭാഷാ രചനയും ലിപി വിന്യാസവും എന്ന വിഷയത്തിൽ മലയാള ഭാഷാ വിദഗ്ധൻ ഡോ. ശിവകുമാർ ജീവനക്കാർക്കായി ക്ലാസെടുത്തു.
മിനിമം വേതന ഉപസമിതി യോഗം
സംസ്ഥാനത്തെ ടിംബർ കട്ടിങ് ഫെല്ലിങ് ആൻഡ് ട്രാൻസ്പോർട്ടിങ് ഓഫ് ലോഗ്‌സ്, റബ്ബർ ക്രെപ്പ് മിൽ എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതി തെളിവെടുപ്പ് യോഗം ഈ മാസം 24 നു ഉച്ചയ്ക്ക് ശേഷം യഥാക്രമം 2, 2.30 മണിക്ക് തിരുവനന്തപുരത്തെ ലേബർ കമ്മീഷണറേറ്റിൽ ചേരും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലെ ഈ മേഖലകളിൽ നിന്നുള്ള തൊഴിലാളി തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണം.
പി.കെ. അരവിന്ദ ബാബു പൊലീസ് കംപ്ലൈന്റ് അതോറിറ്റി അംഗം
റിട്ട. ജില്ലാ ജഡ്ജും മുൻ ലോ സെക്രട്ടറിയുമായ പി.കെ. അരവിന്ദ ബാബുവിനെ സംസ്ഥാന പൊലീസ് കംപ്ലൈന്റ് അതോറിറ്റി ജുഡിഷ്യൽ അംഗമായി നിയമിച്ചു. ജുഡിഷ്യൽ ഓഫിസറായി 30 വർഷത്തെ സേവന പരിചയമുള്ള അദ്ദേഹം ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറി, കേരള ഹൈക്കോടതിയിലെ ആൾട്ടർനേറ്റിവ് ഡിസ്പ്യൂട്ട് റെസല്യൂഷൻ സെന്റർ ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ചേർത്തല സ്വദേശിയാണ്.
സ്റ്റേഷനറി വിതരണം ഇല്ല
സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യ സ്റ്റേഷനറി സ്റ്റോറിൽ വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ 1,2,4,5,6 തീയതികളിൽ സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കില്ലെന്ന് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.
നിയമസഭ പരിസ്ഥിതി സമിതി യോഗം 31ന് കോട്ടയത്ത്
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2021-23), മാർച്ച് 31ന് രാവിലെ 10ന് കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. വൈക്കം മണ്ഡലത്തിൽ പ്രളയത്തെ തുടർന്ന് പരിസ്ഥിതിനാശം സംഭവിച്ച മൂവാറ്റുപുഴ ആറിന്റെ തീരപ്രദേശങ്ങളുടെ സംരക്ഷണം സംബന്ധിച്ച പഠനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും തെളിവെടുപ്പും വിവരശേഖരണവും നടത്തും. തുടർന്ന് വൈക്കം താലൂക്കിലെ വെള്ളൂർ വില്ലേജിലെ ചെറുകര പ്രദേശവും അനുബന്ധ സ്ഥലങ്ങളും സമിതി സന്ദർശിക്കും.
ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് 22ന് കണ്ണൂരിൽ
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ സിറ്റിംഗ് 22ന് രാവിലെ 11ന് കണ്ണൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സിറ്റിങ്ങിൽ ഈ ജില്ലകളിൽ നിന്നുള്ള പരാതികൾ പരിഗണിക്കുകയും പുതിയ പരാതികൾ സ്വീകരിക്കുകയും ചെയ്യും.