ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിൽ ഇസ്രായേൽ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിവിധ കമ്പനികൾ ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്.നോയിഡയിലെ ഒരു റെസ്റ്റോറന്റ് രാജ്യത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള വിചിത്രമായ വഴി കണ്ടെത്തിയിരിക്കുകയാണ്. എന്താണെന്നല്ലേ..നോയിഡയിലെയും ഗാസിയാബാദിലെയും റെസ്റ്റോറന്റ് ശൃംഖലയായ ‘മിസ്റ്റർ ബട്ടൂര ‘ ഉപഭോക്താക്കൾക്ക് വിചിത്രമായ ഓഫർ ആണ് നൽകിയത്. മാലിദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയ ടിക്കറ്റിന്റെ തെളിവ് കാണിച്ചാൽ ഒരു പ്ലേറ്റ് ‘ചോലെ ബട്ടൂര’ സൗജന്യമായി നൽകും. ലക്ഷദ്വീപിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്ന് റെസ്റ്റോറന്റ് വ്യക്തമാക്കി. ശനിയാഴ്ച ആരംഭിച്ച് ഈ ഓഫർ ഇതുവരെ 10 പേർ പ്രയോജനപ്പെടുത്തിയതായി റെസ്റ്റോറന്റ് അറിയിച്ചു. ജനുവരി അവസാനം വരെ ഈ ഓഫർ ഉണ്ടാകുമെന്നും റെസ്റ്റോറന്റ് ഉടമ വിജയ് മിശ്ര പറഞ്ഞു. ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് മാലിദ്വീപ് നേതാക്കൾ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങൾക്കൊടുവിലാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സംഘർഷം ഉടലെടുത്തത്. ഇതോടെ #BoycottMaldives കാമ്പെയ്‌ൻ ഇന്ത്യയിൽ ആരംഭിച്ചു.