രാമക്ഷേത്ര പ്രാൺ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഇന്നലെ അയോധ്യ ജില്ലയിൽ നടത്തിയ പരിശോധനയിൽ 3 പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) കസ്റ്റഡിയിലെടുത്തു. പിടിയിലായവർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നു.
അയോധയിൽ നടത്തിയ പരിശോധനയിൽ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സംശയാസ്പദമായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി ഉത്തർപ്രദേശ് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ലോ ആൻഡ് ഓർഡർ), പ്രശാന്ത് കുമാർ അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്. തീവ്രവാദ സംഘടനയുമായി ഇവർക്കുള്ള ബന്ധം നിലവിൽ കണ്ടെത്താനായിട്ടില്ലെന്നും ഡിജിപി പറഞ്ഞു.
ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്. പൊലീസ് പരിശോധനയും, ഡ്രോണുകൾ വഴിയുള്ള നിരീക്ഷണം ശക്തമാക്കി. നൈറ്റ് വിഷൻ ഉപകരണങ്ങൾ (എൻവിഡി), സിസിടിവി ക്യാമറകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നഗരത്തിലുടനീളമുള്ള പ്രവർത്തനങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുണ്ട്.