ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിച്ചേക്കാൻ സാധ്യത. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് അഖിലേഷ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുന്‍പ് മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വത്തിലൂടെയാണ് അദ്ദേഹം അന്ന് നിയമസഭയിലെത്തിയത്.
ഇക്കുറി മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യപ്പെടുന്നത് എന്നും അഖിലേഷ് പറഞ്ഞിരുന്നു. കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ അസംഗഢില്‍നിന്നുള്ള എം.പിയാണ് നിലവില്‍ അഖിലേഷ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി ജനവിധി തേടാനൊരുങ്ങുന്ന യോഗി, കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ഗോരഖ്പുര്‍ സദറില്‍നിന്നാണ് മത്സരിക്കുന്നത്.
അതേസമയം യു.പി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മരുമകൾ അപര്‍ണാ യാദവ് ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിട്ടുണ്ട്. മുലായത്തിന്റെ ഇളയമകന്‍ പ്രതീകിന്റെ ഭാര്യയാണ് അപര്‍ണ. മുന്‍ മാധ്യമപ്രവര്‍ത്തകനും വിവരാവകാശ കമ്മീഷണറുമായിരുന്ന അരവിന്ദ് സിങ് ബിഷ്ടിന്റെ മകളാണ് അപര്‍ണ. 2017 ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അപര്‍ണാ യാദവ് ജനവിധി തേടിയിരുന്നു. ലഖ്‌നൗ കന്റ് സീറ്റില്‍നിന്ന് മത്സരിച്ച അപര്‍ണ, ബി.ജെ.പിയുടെ റീത്താ ബഹുഗുണ ജോഷിയോടാണ് പരാജയപ്പെട്ടത്.