information Kerala Local News

അറിയിപ്പുകള്‍

ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

2004 ജനുവരി ഒന്ന് മുതല്‍ 2019 ഡിസംബര്‍ 31 വരെ റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സ്‌ക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന താല്‍ക്കാലികമായി ജോലി ലഭിച്ച ഭിന്ന ശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ ഇതുവരെ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാത്തവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചില്‍ ജനുവരി 23നകം നേരിട്ട് ഹാജരാക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

രജിസ്ട്രേഷന്‍ പുതുക്കാന്‍ വൈകിയവര്‍ക്ക് രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും മൊബൈല്‍ നമ്പറും സഹിതം ഫെബ്രുവരി 28 നകം തപാല്‍/ഇമെയില്‍ മുഖേന രജിസ്ട്രേഷന്‍ പുതുക്കാന്‍ അപേക്ഷിക്കാവുന്നതാണ്. www.eemployment.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്ട്രേഷന്‍ പുതുക്കാം. സ്ഥിര നിയമനം ലഭിച്ചതിനാലോ മറ്റോ ഈ ഓഫീസിന്റെ സേവനം ആവശ്യമില്ലാത്തവര്‍ പ്രസ്തുത വിവരം തപാല്‍/ ഇമെയില്‍ വഴി അറിയിക്കണം. ഫോണ്‍: 0495-2376179, ഇമെയില്‍ : rpeekzkd.emp.lbr@kerala.gov.in

വായ്പാ പദ്ധതി വിശദീകരണവും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 21 ന് രാവിലെ 10 മണി മുതല്‍ ‘നളന്ദ’ ഹോട്ടലില്‍ വിവിധ വായ്പാ പദ്ധതി വിശദീകരണവും ഗുണഭോക്താക്കളുടെ സംശയ നിവാരണവും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിക്കുന്നു. കുടുംബശ്രീ മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പട്ടികജാതി-വര്‍ഗ്ഗ വനിതാ അയല്‍ക്കൂട്ടങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ജാമ്യം ആവശ്യമില്ലാത്ത വായ്പാ പദ്ധതിയെകുറിച്ചും മറ്റു പദ്ധതികളെ കുറിച്ചും വിശദീകരിക്കുവാനും ഗുണഭോക്താക്കളുടെ സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനുമായി നടത്തുന്ന ക്യാമ്പില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയരക്ടര്‍ ഡോ.എം.എ.നാസര്‍ പങ്കെടുക്കുമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു.

സ്‌കോളര്‍ഷിപ്പ് അപേക്ഷ : ദീര്‍ഘിപ്പിച്ചു

2020-21 അധ്യയന വര്‍ഷം പത്താംതരം മുതല്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പ് അപേക്ഷ ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ചതായി കോഴിക്കോട് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. 2019 ജനുവരി മുതല്‍ അംശാദായ കുടിശ്ശികമൂലം അംഗത്വം റദ്ദായവര്‍ക്ക് ഫെബ്രവരി 28 വരെ അംഗത്വം പുതുക്കാനുള്ള അവസരം ലഭ്യമാണ്. ഫോണ്‍ : 0495-2378222.

ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സീറ്റൊഴിവ്

കോഴിക്കോട് ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ എസ് ടി വിഭാഗത്തില്‍ സംവരണം ചെയ്യപ്പെട്ട എം.എസ്.സി ഫിസിക്സ്, എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്, എം.എ ഹിന്ദി, എം.എ മലയാളം എന്നി കോഴ്സുകളില്‍ ഒരോ ഒഴിവ് വീതവും, ഒ.ബി.എക്സ് വിഭാഗത്തില്‍ സംവരണം ചെയ്യപ്പെട്ട എം.എ ഹിസ്റ്ററി ഒരു ഒഴിവും ഉണ്ട്. പ്രസ്തുത ഒഴിവുകളില്‍ എസ്.ടി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടവ, അര്‍ഹരായവരുടെ അഭാവത്തില്‍ എസ്.സി വിഭാഗത്തിനും എസ്.സി വിഭാഗത്തിലൂളളവരുടെ അഭാവത്തില്‍ ഒ.ഇ.സി വിഭാഗത്തിനും അവരുടെ അഭാവത്തില്‍ എസ്.ഇ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കും നല്‍കും. ഒ.ബി.എക്‌സ് വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒരു സീറ്റ്, എസ്.ഇ.ബി.സി വിദ്യാര്‍ത്ഥിയ്ക്കും അവരുടെ അഭാവത്തില്‍ ഓപ്പണ്‍മെറിറ്റ് വിഭാഗത്തിനും നല്‍കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ജനുവരി 20 ന് ഉച്ചയ്ക്ക് മൂന്ന് മണിക്കകം അനുബന്ധ രേഖകളുടെ അസ്സല്‍ സഹിതം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം.

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം : കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് 2020-21 വര്‍ഷത്തെ താത്ക്കാലിക കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. കേന്ദ്ര സംസ്ഥാന സര്‍വ്വീസിലും പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിന് സഹായകരമാകുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം എന്ന പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കുന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഗതാഗത നിയന്ത്രണം

ജില്ലയിലെ കോഴിക്കോട്- ബാലുശ്ശേരി റോഡിലെ ടാറിംഗ് പ്രവൃത്തികള്‍ (കക്കോടി മുതല്‍ കക്കോടി മുക്ക് വരെ) തുടങ്ങുന്നതിനാല്‍ ഇന്ന് (ജനുവരി 20) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കോഴിക്കോട് നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കക്കോടിയില്‍ നിന്നും തിരിഞ്ഞു കൂടത്തും പൊയില്‍ അംശക്കച്ചേരി വഴി പോകണം.

ടെന്‍ഡര്‍ ക്ഷണിച്ചു

സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) കിഫ്ബിയുടെ കോഴിക്കോട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിനായി മാസവാടക കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് വൈകീട്ട് മൂന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍ : 9447569854, 9446544353.

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സഹായം വര്‍ദ്ധിപ്പിച്ചു

ക്ഷേമനിധി അംഗങ്ങളായ മുഴുവന്‍ ലോട്ടറി വില്‍പ്പനക്കാര്‍ക്കും ഓണം ഉത്സവബത്ത അവകാശമാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ക്ഷേമനിധിയില്‍ നിന്നുള്ള വിവിധ സഹായങ്ങള്‍ അഞ്ചിരട്ടിവരെ വര്‍ദ്ധിപ്പിച്ചു. വിവാഹധനസഹായം 5000 രൂപയില്‍ നിന്ന് 25000 രൂപയാക്കി. ചികിത്സാസഹായം 20000 രൂപയില്‍ നിന്ന് അരലക്ഷമാക്കി. പ്രസവസഹായം 5000 രൂപയില്‍ നിന്ന് 10000 രുപയാക്കിയും സാധാരണചികിത്സാ സഹായം 3000 രൂപയില്‍ നിന്ന് 5000 രൂപയാക്കിയും വര്‍ധിപ്പിച്ചു. അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് പദ്ധതിയും അംഗീകരിച്ചു. 10ാം ക്ലാസില്‍ 80% മാര്‍ക്കോടെ പാസാകുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് തുടര്‍പഠനത്തിന് എല്ലാ വര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കും. ബിരുദ ബിരുദാനന്തര പഠനത്തിനും പ്രൊഫഷണല്‍ പഠനത്തിനും വിവിധ നിരക്കില്‍ സ്‌കോളര്‍ഷിപ്പ് നല്‍കും. 55 വയസ്സ് കഴിഞ്ഞാലും 60 വയസ്സു വരെ അംഗത്വത്തില്‍ തുടരാനും എല്ലാ ആനുകൂല്യവും ലഭിക്കാനും അര്‍ഹത ഉണ്ടാകുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

സാഗര്‍ മിത്ര നിയമനം: ഇന്റര്‍വ്യൂ 21 ന്

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് ജില്ലയിലെ നിലവില്‍ ഒഴിവുള്ള പുതിയാപ്പ തെക്ക്, വന്‍മുഖം കടലൂര്‍ എന്നീ മത്സ്യഗ്രാമങ്ങളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ സാഗര്‍മിത്രകളെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജനുവരി 21 ന് രാവിലെ 10.30 ന് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലാണ് ഇന്റര്‍വ്യൂ. യോഗ്യത – ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സൂവോളജി എന്നിവയിലേതിലെങ്കിലും ബിരുദം. പ്രായ പരിധി 35 വയസ്സ്, ഇന്‍സന്റീവ് പ്രതിമാസം 15,000 രൂപ, പുതിയാപ്പ തെക്ക്, വന്‍മുഖംകടലൂര്‍ എന്നീ മത്സ്യ ഗ്രാമങ്ങളിലെ താമസക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍ 0495 – 2383780

വിദ്യാഭ്യാസ ഗ്രാന്റിനുള്ള അപേക്ഷ തിയ്യതി നീട്ടി

കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വരിക്കാരായ (ഫാക്ടറി തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ബാങ്ക് ജീവനക്കാര്‍, കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാര്‍) തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയനവര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 30 വരെ നീട്ടിയതായി ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. www.labourwelfarefundboard.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍്പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം, തൊഴിലുടമയുടെ സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതിനുള്ള രേഖ എന്നിവയുടെ പകര്‍പ്പുകള്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു സാക്ഷ്യപെടുത്തിയതിനു ശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍ – 0495-2372480.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!