അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി വി എച്ച് പി നടത്തിയ റാലിക്കിടെ നടന്ന സംഘര്‍ഷത്തില്‍ 40 പേര്‍ അറസ്റ്റില്‍. ഞായറാഴ്ചയാണ് ഗുജറാത്തിലെ കച്ച് ജില്ലയില്‍ അക്രമം നടന്നത്. കൊലപാതകം, കലാപം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
ധനസമാഹരണത്തിനായി നടത്തിയ ഘോഷയാത്രയ്ക്കിടെ രണ്ട് സമുദായങ്ങളിലെ അംഗങ്ങള്‍ തമ്മില്‍ ഞായറാഴ്ച ഏറ്റുമുട്ടുകയായിരുന്നു എന്നാണ് പൊലീസ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്.
സംഭവത്തില്‍ ഒരാള്‍ മരിച്ചതായാണ് വിവരം. പൊലീസുകാര്‍ക്കുള്‍പ്പെടെ നിരവധിപേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയിരുന്നു.
വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച റാലിയിലെ മത മുദ്രാവാക്യങ്ങള്‍ മറ്റൊരു സമുദായത്തെ പ്രകോപിപ്പിക്കുകയും വാളും വടിയും ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തെന്നാണ് പൊലീസ് പറഞ്ഞത്.
സംഭവത്തിന് പിന്നാലെ സംഘര്‍ഷ സ്ഥലത്തിനിന്ന് 200 കിലോമീറ്റര്‍ മാറി ജാര്‍ഖണ്ഡ് സ്വദേശിയായ അതിഥി സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. സംഘര്‍ഷത്തിനിടെയാണോ ഇദ്ദേഹം മരിച്ചതെന്ന് വ്യക്തമല്ല.