കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിശ്ചയിച്ചിരുന്ന പത്താംവട്ട ചര്‍ച്ച മാറ്റിവെച്ചു. ബുധനാഴ്ചത്തേയ്ക്കാണ് ചര്‍ച്ച മാറ്റിവച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കായിരിക്കും ചര്‍ച്ച നടക്കുകയെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു. കര്‍ഷക സമരം രണ്ടുമാസം ആകുമ്പോഴും വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികളാകാമെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്ന് കര്‍ഷകരും വ്യക്തമാക്കിയിട്ടുണ്ട്.
കര്‍ഷകരുമായുള്ള എട്ടാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടതിനു പിന്നാലെ കാര്‍ഷിക നിമയങ്ങളെയും കര്‍ഷക പ്രതിഷേധത്തെയുംകുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ നിയമങ്ങളെ അനുകൂലിക്കുന്ന അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതിയുമായി സഹകരിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കര്‍ഷക സമരവുമായും പുതിയ സമിതിയുമായും ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും.

