ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ലുകള്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെട്ടേക്കും. പ്രിയങ്കയും മനീഷ് തിവാരിയും കോണ്‍ഗ്രസ് പ്രതിനിധികളായി എത്തിയേക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രവിശങ്കര്‍ പ്രസാദ്, നിഷികാന്ത് ദുബെ എന്നിവരാകും ബിജെപിയും പ്രതിനിധികളെന്നാണ് സൂചന.
സുഖ്‌ദേവ് ഭഗതും രണ്‍ദീപ് സുര്‍ജേവാലയും കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ട്. കല്യാണ്‍ ബാനര്‍ജിയും സകേത് ഗോഖലയും തൃണമൂല്‍ കോണ്‍ഗ്രസിനേയും ശ്രീകാന്ത് ഷിന്ദെ ശിവസേനയേയും സഞ്ജയ് ഝാ ജെഡിയുവിനേയും പ്രതിനിധീകരിച്ചേക്കും.
ലോക്സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് 10 പേരും അടങ്ങുന്ന 31 അംഗങ്ങളുള്ള പാനലില്‍ ടി.എം സെല്‍വഗണപതിയും പി വില്‍സണും ഡിഎകെ പ്രതിനിധികളായി ഉള്‍പ്പെടുത്തിയേക്കും.
അനുരാഗ് ഠാക്കൂറിനേയും പിപി ചൗധരിയേയും കൂടി ബിജെപി പ്രതിനിധികളായി പാനലിലുണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍ ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ബില്‍ ജെപിസിക്ക് വിടണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു.