കര്‍ഷക പ്രക്ഷോഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേന്ദ്ര സര്‍ക്കാരിന്റെ നയം വ്യക്തമാക്കും. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടലിനു പിന്നാലെയാണ് പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യുന്നത്. ഉച്ചയ്ക്ക് രണ്ടിന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും പ്രധാനമന്ത്രി പങ്കെടുക്കുക.
പുതിയ നിയമങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ കര്‍ഷകര്‍ക്ക് കത്ത് അയച്ചിരുന്നു. താങ്ങുവില നിര്‍ത്തലാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വിശ്വസിക്കരുത്, ഇക്കാര്യത്തില്‍ രേഖാമൂലം ഉറപ്പ് നല്കാന് സര്‍ക്കാര്‍ തയ്യാറാണെന്ന് തോമര്‍ കത്തില്‍ വ്യക്തമാക്കി. ചില കര്‍ഷക സംഘടനകള്‍ അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണ്. അത്തരം അഭ്യൂഹങ്ങള്‍ നീക്കേണ്ടത് തന്റെ ചുമതലയാണെന്നും മന്ത്രി കത്തില്‍ പറഞ്ഞു.
അതേസമയം, കര്‍ഷക പ്രക്ഷോഭം 23ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം പിന്‍വലിക്കില്ലെന്ന കടുത്ത നിലപാടിലാണ് കര്‍ഷക സംഘടനകള്‍. കൊടുംതണുപ്പില്‍ പതിനായിരങ്ങളാണ് ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്. ഇതുവരെ 20ല്‍ അധികം കര്‍ഷകരാണ് മരിച്ചത്. പ്രശ്നപരിഹാര ചര്‍ച്ചകളില്‍ പ്രതിസന്ധി തുടരുകയാണ്. അടുത്ത ചര്‍ച്ച സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമായിട്ടില്ല. അതിനിടെ, സുപ്രീംകോടതിയിലെ കേസില്‍ തുടര്‍നടപടി സംബന്ധിച്ച് കര്‍ഷക സംഘടനകള്‍ നിയമോപദേശം തേടി അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്.

