
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നവരില്‍ ദേശീയ ഹോക്കി താരവും. കോഴിക്കോട് കോര്‍പറേഷനിലെ എരഞ്ഞിപ്പാലം 64ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് ദേശീയ താരമായ സി. രേഖ കന്നിയങ്കത്തിനിറങ്ങുന്നത്. കളിക്കളത്തിലെന്ന പോലെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് രേഖ. നേരിട്ടും ഓണ്‍ലൈനായുമുള്ള പ്രചാരണത്തില്‍ സജീവമായുണ്ട് ഈ 22 കാരി.
ഈ വര്‍ഷമാണ് സി. രേഖ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. സംസാരത്തിലും ഇടപെടലിലുമെല്ലാം കളിക്കളത്തിലെ അതേ ആവേശവും ചടുലതയുമുണ്ട്. തെരഞ്ഞെടുപ്പ് മത്സത്തിന് ആദ്യമായിട്ടാണെങ്കിലും രേഖക്ക് ആശങ്കയൊട്ടുമില്ല. നിരവധി ദേശീയ-സംസ്ഥാന ടൂര്‍ണമെന്റുകളില്‍ കളിച്ചതിന്റെ ആത്മവിശ്വാസവും സംഘടനാ പ്രവര്‍ത്തന അനുഭവവും കൈമുതലായുണ്ട്.
എരഞ്ഞിപ്പാലം അല്‍ഹിന്ദ് ഫ്‌ലാറ്റിന് സമീപം ശ്രീലക്ഷ്മി ഹൗസില്‍ പ്രകാശന്റെയും ശ്രീജയയുടെയും മൂത്ത മകളാണ്. ആറാംക്ലാസ് മുതലാണ് ഹോക്കി സ്റ്റിക്ക് കൈയിലെടുത്തത്. ഒന്‍പതാംക്ലാസ് മുതല്‍ ദേശീയ മത്സരങ്ങളിലും കളിക്കാന്‍ തുടങ്ങി. ടീമിലെ പ്രതിരോധക്കാരിയായി 30 ഓളം ടൂര്‍ണമെന്റില്‍ കേരളത്തിനായി കളിച്ചു. ദേശീയ സ്‌കൂള്‍ ടൂര്‍ണമെന്റിലും സബ് ജൂനിയര്‍ നാഷണല്‍ മത്സരങ്ങളിലും കേരളത്തിനായി കളത്തിലിറങ്ങി. ഫെബ്രുവരിയില്‍ ഓള്‍ ഇന്ത്യ ഇന്റര്‍ കൊളീജിയറ്റ് ടൂര്‍ണമെന്റിലാണ് ഒടുവില്‍ കളിച്ചത്. സഹോദരി മേഘയും ഹോക്കി താരമാണ്.
തൃശൂര്‍ സെന്റ് മേരീസ് കോളേജില്‍നിന്നാണ് ബിരുദം പൂര്‍ത്തിയാക്കിയത്. ബാലസംഘത്തിലും ഡിവൈഎഫ്ഐയിലും അംഗമായിരുന്നു. വാര്‍ഡിലെ മുന്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ ടി സി ബിജുരാജ് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മികവോടെ മുന്നോട്ട് കൊണ്ടുപോവണമെന്നാണ് ആഗ്രഹമെന്ന് രേഖ പറയുന്നു.

