പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്. മത്സരിക്കാനുള്ള സന്നദ്ധത സരിൻ നിധിൻ കണിച്ചേരിയെ അറിയിച്ചതായാണ് വിവരം.തന്‍റെ അയല്‍ക്കാരനാണ് സരിനെന്നും കൂടിക്കാഴ്ചയിൽ മറ്റുകാര്യങ്ങളൊന്നുമില്ലെന്നുമാണ് നിധിൻ കണിച്ചേരി മാധ്യമങ്ങളോട് പ്രതികരിച്ചതെങ്കിലും സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഉപതെരഞ്ഞെടുപ്പുകളിലേക്കുളള ഇടത് സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ട് ഏഴിന് പ്രഖാപിക്കുമെന്ന് എ.കെ ബാലൻ പറഞ്ഞു.കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുക. കോൺഗ്രസ് വിട്ട ഡോ. സരിൻ ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണ്. അത് പാലക്കാട്ടെ ജനങ്ങൾ അത് ചർച്ച ചെയ്യും. പാലക്കാട് കോൺഗ്രസ് -ബിജെപി ഡീലുണ്ടെന്നും എ.കെ ബാലൻ ആരോപിച്ചു. വടകരയിൽ ഈ ഡീൽ നടത്തി. ബിജെപിക്കാർ ഷാഫിക്ക് വോട്ട് കൊടുത്തു, പാലക്കാട് തിരിച്ച് വോട്ട് മറിക്കും. ഈ ഡീൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും എ.കെ ബാലൻ ആരോപിച്ചു.