മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസിൽ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തൽ. രവി കപൂർ, ബൽജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിവർക്ക് ക്രമിനിൽ പശ്ചാത്തലമുണ്ടെന്നും കൊലപാതകത്തിൽ പങ്കുണ്ടെന്നും കോടതി കണ്ടെത്തി. ദില്ലി സാകേത് കോടതിയാണ് വിധി പറഞ്ഞത്. കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ശിക്ഷ പിന്നീട് വിധിക്കും.
2008 ലാണ് ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്‌ലൈൻസ് ടുഡേ’ ചാനലിൽ മാധ്യമപ്രവർത്തകയായിരുന്നു സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ടത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കവർച്ചക്ക് എത്തിയ സംഘം സൗമ്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കേസിൽ 5 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നുപേർ നടത്തിയ മറ്റൊരു കൊലപാതകത്തിൽ നിന്നാണ് പൊലീസിന് സൗമ്യയുടെ കേസിലെ തെളിവ് ലഭിച്ചത്. സൗത്ത് ഡൽഹിയിലെ വസന്ത്കുഞ്ചിന് സമീപം കാറിൽ മരിച്ചനിലയിലാണ് സൗമ്യയെ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ അപകട മരണമാണ് എന്ന സംശയം ഉയർന്നു. വിദഗ്ധ പരിശോധനയ്‌ക്കൊടുവിൽ തലയ്‌ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരു മെറൂൺ കാർ സൗമ്യയുടെ കാറിനെ പിന്തുടരുന്നതായി കണ്ടെത്തി. പിന്നീട് കേസിൽ തുമ്പുണ്ടായില്ല. അതിന് ശേഷം 2009 മാർച്ച് 20 ന് കോൾ സെന്റർ എക്സിക്യുട്ടീവ് ജിഗിഷ ഘോഷ് കൊല്ലപ്പെട്ടു. ഈ കേസിലും അതേ മെറൂൺ കാറിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്നു. ഈ കേസിലെ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. 2009 ൽ രവി കപൂർ, ബൽജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിങ്ങനെ അഞ്ച് പ്രതികൾ അറസ്റ്റിലായെങ്കിലും വിചാരണ വർഷങ്ങൾ നീണ്ടു.

