കാർത്തി നായകനാകുന്ന പുതിയ ചിത്രമാണ് ‘സർദാർ’. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പതിനഞ്ച് ഗെറ്റപ്പുകളിലാണ് നടൻ എത്തുക. ഗെറ്റപ്പിൽ മാത്രമല്ല ശാരീരികമായും നടൻ മാറ്റങ്ങൾ കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രം ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.ഈ മാസം 21 നാണ് സർദാർ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുക. സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കുളള ചിത്രമാണ് സർദാർ. സിനിമയുടെ ദൈർഘ്യം രണ്ട് മണിക്കൂറും 40 മിനിട്ടുമാണ്. രജീഷ വിജയനും രാശി ഖന്നയുമാണ് ചിത്രത്തിലെ നായികാമാർ.
പി എസ് മിത്രൻ തന്നെ തിരക്കഥയും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജോർജ് സി വില്യംസ് ഛായാഗ്രഹണം നിർവഹിക്കുന്നു.പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. പി ആർ ഒ: പി ശിവപ്രസാദ്.

