പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ മലയാള ചിത്രമാണ് മോൺസ്റ്റർ. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകൻ സംവിധാനം ചെയ്ത വൈശാഖും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ആയിരുന്നു പ്രധാന ആകർഷണം. പുലിമുരുകൻറെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാണ് മോൺസ്റ്ററിൻറെയും രചന. ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിക്കുമ്പോൾ മലയാള സിനിമാസ്വാദകർക്ക് പ്രതീക്ഷകൾ ഏറെയാണ്. എന്നാൽ ഗൾഫ് രാജ്യങ്ങളിലെ സിനിമാ പ്രേമികൾക്ക് നിരാശ നൽകുന്ന റിപ്പോർട്ടാണ് സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്ത് വരുന്നത്. യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് വിലക്കേർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
എൽജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിൻറെ പേരിലാണ് വിലക്കെന്നാണ് വിവരം. ലോകവ്യാപകമായി 21ന് ചിത്രം റിലീസ് ചിത്രം ചെയ്യാനിരിക്കെയാണ് തിരിച്ചടി. അവശ്യമായ മാറ്റങ്ങൾ വരുത്തി ജിസിസി രാജ്യങ്ങളിൽ ചിത്രം റീ സെൻസറിങ്ങിന് നൽകാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. യുഎഇയിൽ ചിത്രം 21ന് തന്നെ റിലീസ് ചെയ്യുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.
സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന തുടങ്ങിയവരും മോൺസ്റ്ററിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറേതായി നേരത്തെ പുറത്തുവിട്ട ട്രെയിലറും പാട്ടും ഏറെ ശ്രദ്ധനേടിയിരുന്നു.
ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സിൽവ, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, സ്റ്റിൽസ് ബെന്നറ്റ് എം വർഗീസ്, പ്രൊമോ സ്റ്റിൽസ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ, ഡിജിറ്റർ പാർട്നർ അവനീർ ടെക്നോളജി.