വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ ശക്തമായ ഇടപെടൽ നടത്തുന്നതിൽ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം മണിപ്പുരിലെ ബിജെപി സർക്കാരിനെ പുറത്താക്കി അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു.അമിത് ഷായെ കായിക മന്ത്രാലയത്തിലേക്കു മാറ്റണമെന്നും അദ്ദേഹം പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.
അതേ സമയം, കലാപം രൂക്ഷമായ മണിപ്പുരിൽ ബിജെപി നേതാക്കളെ ഉന്നമിട്ട് ഇംഫാൽ താഴ്‌വരയിൽ വ്യാപക അക്രമമാണ് നടക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് എ.ശാരദാദേവിയുടെ വീട് ആക്രമിക്കാനും ബിരേൻ സിങ് സർക്കാരിലെ രണ്ടാമനായ മന്ത്രി തോങ്ങം ബിശ്വജിതിന്റെ വീടിനു തീയിടാനും ശ്രമമുണ്ടായി. ബിജെപി സംസ്ഥാന ആസ്ഥാനത്തെത്തിയ മുന്നൂറിലേറെപ്പേരെ സൈന്യം തടഞ്ഞു. ഇംഫാൽ പാലസ് കോംപൗണ്ടിൽ തടിച്ചുകൂടിയ ആയിരത്തോളം പേർക്കു നേരെ ദ്രുതകർമസേന റബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിച്ചതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റു.