ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത ട്രാൻസ്ജെൻഡേഴ്സിന് കൊവിഡ് ദുരിതാശ്വാസ സഹായം നൽകുമെന്ന് തമിഴ്‌നാട് സർക്കാർ ചെന്നൈ ഹൈക്കോടതിയെ അറിയിച്ചു.
നേരത്തെ ട്രാൻസ്ജെൻഡേഴ്സിന് 4,000 രൂപ ധനസഹായം നല്‍കുന്നത് പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തൂത്തുക്കുടിയിലെ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ഗ്രേസ് ബാനു നല്‍കിയ ഹരജിയിലാണ് നടപടി. കൊവിഡ് കാലത്ത് തമിഴ്‌നാട്ടിലെ 50000 ത്തോളം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഉപജീവന മാര്‍ഗം നഷ്ടമായതായി ഗ്രേസ് ഹർജിയില്‍ വ്യക്തമാക്കിയിരുന്നു.
റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലെങ്കിലും റേഷന്‍ കടകള്‍ വഴി അരിയടക്കമുള്ള സാധനങ്ങളും 4000 രൂപ സഹായവും നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. അതേസമയം സബ്സിഡി പദ്ധതി ദുരുപയോഗം ചെയ്യാതിരിക്കാൻ ശ്രദ്ധപുലർത്തണമെന്ന് കോടതി നിർദ്ദേശിച്ചു. സഹായം ലഭിച്ചവരുടെ പേരും വിലാസവും കോടതിക്ക് നൽകണമെന്നും അറിയിച്ചു.