ന്യൂഡൽഹി∙: കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്. ഡി.കെ.ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും.
പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശിവകുമാർ പിസിസി അധ്യക്ഷനായി തുടരുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. ‘‘സിദ്ധരാമയ്യ വളരെ അനുഭവസമ്പത്തുള്ള നേതാവാണ്. വിശ്രമമില്ലാതെ അദ്ദേഹം തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. ഡി.കെ.ശിവകുമാർ കർണാടകയിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടാണ്. രണ്ട് പേർക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്. അവർക്ക് അതിന് യോഗ്യതയുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിന്റെ മുഴുവൻ നേതാക്കളുമായും ചർച്ച നടത്തിയാണ് കർണാടക മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനം എടുത്തത്. മുതിർന്ന േനതാക്കളിൽനിന്നും യുവനേതാക്കളിൽനിന്നും അഭിപ്രായം തേടി. കർണാടകയിൽ കോൺഗ്രസ് സുസ്ഥിരവും സുതാര്യവുമായ സർക്കാർ രൂപീകരിക്കും. മറ്റു പാർട്ടി നേതാക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

