റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്‌ളാദിമിര്‍ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകള്‍ സ്വന്തമാക്കിയാണ് പുടിന്‍ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വരുന്ന ആറ് വര്‍ഷത്തെ ഭരണം പുടിന്‍ ഉറപ്പിക്കുന്നതോടെ അധികാരക്കസേരയില്‍ ഏറ്റവും കൂടുതല്‍ നാള്‍ ഇരുന്ന ഭരണാധികാരിയെന്ന ജോസഫ് സ്റ്റാലിന്റെ റെക്കോര്‍ഡ് പുടിന്‍ മറികടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പാശ്ചാത്യ ലോകത്തെ തള്ളി ഉക്രൈനെ ആക്രമിക്കുക എന്ന തന്റെ തീരുമാനം ശരിവെക്കുന്നതാണ് ഫലമെന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു. 2018ലെ 67.5 ശതമാനം പോളിങ് നിരക്കിനെ അപേക്ഷിച്ച് ഈ വര്‍ഷം 74.22 ശതമാനം ആളുകള്‍ വോട്ട് ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2000ല്‍ ആണ് ആദ്യമായി പുടിന്‍ അധികാരത്തിലേറിയത്. 2004, 2012, 2018 വര്‍ഷങ്ങളില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ രാഷ്ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുമാണ് വീണ്ടും പുടിന്‍ റഷ്യന്‍ പ്രസിഡന്റാകുന്നതെന്ന് അമേരിക്കയും ബ്രിട്ടണും ജര്‍മനിയും പ്രതികരിച്ചു.