
ആഡംബര കാറുകളുപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ രണ്ട് വിദ്യാര്‍ഥികൾ അറസ്റ്റിൽ. തെലങ്കാന ഷംഷാബാദ് ഔട്ടർ റിംഗ് റോഡിലാണ് സംഭവം .രാജീവ്ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് പോലീസിന്റേതാണ് നടപടി. ഈ മാസം ഒമ്പതിനാണ് സംഭവം നടന്നത്. 25 വയസുകാരാണ് അറസ്റ്റിലായ യുവാക്കൾ.ബി.എം.ഡബ്ല്യൂ, ഫോർച്യൂണർ കാറുകളുപയോഗിച്ചായിരുന്നു വിദ്യാര്‍ഥികൾ കാർ സ്റ്റണ്ട് നടത്തിയത്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നീക്കംചെയ്തിരുന്നു. ഔട്ടർ റിംഗ് റോഡിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ കാറഭ്യാസത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. രാജേന്ദ്രനഗർ സ്വദേശി മൊഹമ്മദ് ഒബൈദുള്ള, മാലക്പേട്ട് സ്വദേശിയായ സൊഹൈർ സിദ്ദിഖി എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇവർ സ്റ്റണ്ട് ചെയ്യാനുപയോഗിച്ച വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.

