അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്‌റോഫ് ചിത്രം ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ ലൊക്കേഷനിൽ പുള്ളിപ്പുലി ആക്രമണം. ചിത്രത്തിന്റെ ചിത്രത്തിന്റെ ലൊക്കേഷനായ മുംബൈ ഫിലിം സിറ്റിയുടെ പരിസരത്താണ് സംഭവം നടന്നത്. പുലിയുടെ ആക്രമണത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ 27-കാരന്‍ ശ്രാവണ്‍ വിശ്വകുമാറിന് പരിക്കേറ്റു.ആശുപത്രിയിൽ കഴിയുന്ന ശ്രാവണിന്റെ ചികിത്സാ ചിലവുകള്‍ നിര്‍മ്മാണ കമ്പനി ഏറ്റെടുത്തു.ഷൂട്ടിങ് സെറ്റില്‍ നിന്ന് സുഹൃത്തിനെ മറ്റൊരിടത്ത് കൊണ്ടുവിട്ടിട്ട് തിരികെ വരവെയാണ് ആക്രമണം നടന്നത്.
‘തിരികെ വരുമ്പോള്‍ ഒരു പന്നി റോഡിന് കുറുകെ ഓടി. ഇത് കണ്ടതും ഞാന്‍ ബൈക്കിന്റെ വേഗം കൂട്ടി. പെട്ടെന്നാണ് പന്നിയുടെ പിറകെ ഒരു പുള്ളിപ്പുലി ഓടി വരുന്നത് കണ്ടത്. ബൈക്ക് പുള്ളിപ്പുലിയുമായി കൂട്ടിയിടിച്ചു. ഇതിന് പിന്നാലെ എന്റെ ബോധം പോയി. പിന്നെ സംഭവിച്ചതൊന്നും എനിക്ക് ഓര്‍മയില്ല’, ശ്രാവണ്‍ പറഞ്ഞു.നാട്ടുകാരാണ് ശ്രാവണിനെ ആശുപത്രിയിലെത്തിച്ചത്. സിനിമാ സെറ്റുകളിലെ വന്യജീവി ആക്രമണം തടയുന്നതിനുള്ള നടപടികള്‍ മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സൈന്‍ വര്‍ക്കേഴ്‌സ് പ്രസിഡന്റ് ശ്യാംലാല്‍ ഗുപ്ത രംഗത്തെത്തി.
100ഏക്കർ ചുറ്റളവിലാണ് ഫിലിംസിറ്റി സ്ഥിതി ചെയ്യുന്നത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ്ക്കും ടൈഗർ ഷ്‌റോഫിനുമൊപ്പം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്.