Trending

ഏതു തൊഴിലും ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് സമൂഹം തിരിച്ചറിയണം: അഡ്വ. പി. സതീദേവി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്ഇടുക്കിവര്‍ത്താക്കുറിപ്പ്18 ജനുവരി 2024പരിശീലനം ലഭിച്ചാല്‍ ഏതു തൊഴിലും ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് സമൂഹത്തിന് തിരിച്ചറിവുണ്ടാവണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരളത്തിലെ ഹോട്ടല്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് വനിതാ കമ്മിഷന്‍ തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.സ്ത്രീകള്‍ തൊഴിലെടുത്ത് കുടുംബം പുലര്‍ത്തുന്നത് പൂര്‍ണമായി അംഗീകരിക്കാനുള്ള മാനസികാവസ്ഥ മുന്‍കാലങ്ങളില്‍ സമൂഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍, ഇന്നു സ്ഥിതി മാറി. തൊഴില്‍ ചെയ്യുന്ന സ്ത്രീകളെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് സമൂഹം കാണുന്നത്. മുന്‍ കാലത്ത് തൊഴിലിടങ്ങളിലേക്ക് കടന്നു വരാന്‍ സ്ത്രീകളും മടി കാണിച്ചിരുന്നു. പുരുഷന്റെ മാത്രം വരുമാനം കൊണ്ടു കുടുംബം പുലര്‍ത്താന്‍ സാധിക്കില്ലെന്ന സ്ഥിതിയിലാണ് സ്ത്രീകള്‍ തൊഴിലിനായി വിവിധ മേഖലകളിലേക്ക് കടന്നു വന്നത്.തൊഴിലുറപ്പ് പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് സ്ത്രീകളാണ്. വലിയ മാറ്റങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതി വഴിയൊരുക്കി. കൃഷിപ്പണികള്‍, കെട്ടിട നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടെയുള്ളവ തൊഴിലുറപ്പ് പദ്ധതിയില്‍ സ്ത്രീകള്‍ ഇന്നു ചെയ്യുന്നുണ്ട്. പുതിയ തലമുറയ്ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ മുന്നേറ്റം കൈവരിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കേണ്ടതുണ്ട്. നിലവിലുള്ള നിയമങ്ങളുടെ ആനുകൂല്യങ്ങളും പരിരക്ഷയും സ്ത്രീകള്‍ക്ക് പൂര്‍ണമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തൊഴില്‍ മേഖലയില്‍ പുരുഷനും സ്ത്രീക്കും ലഭിക്കുന്ന കൂലിയില്‍ അന്തരം നിലനില്‍ക്കുന്നുണ്ട്. വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യം തൊഴിലുടമകള്‍ ലഭ്യമാക്കുന്നില്ലെന്ന പരാതികള്‍ വനിത കമ്മിഷന് ലഭിക്കുന്നുണ്ട്. അണ്‍ എയ്ഡഡ് മേഖലയില്‍ അധ്യാപകര്‍ ഉള്‍പ്പെടെ വനിതാ ജീവനക്കാര്‍ക്ക് തങ്ങളുടെ ശമ്പളം എത്രയാണെന്ന് കൃത്യമായി പറയാന്‍ സാധിക്കാത്ത വിധം ചൂഷണത്തിന് ഇരകളാകുന്നുണ്ട്.ഭൂമി ദേവിയെ പോലെ എല്ലാം സഹിക്കേണ്ടവരാണ് സ്ത്രീകള്‍ എന്ന ധാരണയ്ക്ക് മാറ്റമുണ്ടായിക്കഴിഞ്ഞു. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അന്തസ്സ് പരിരക്ഷിച്ച് ജോലി ചെയ്യാനാകണം. ഓരോ തൊഴിലാളിയും തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച് അവബോധമുള്ളവരായി മാറണം. നിര്‍ഭയമായി സംസാരിക്കുന്നതിനും അനീതികള്‍ക്കെതിരേ പ്രതികരിക്കുന്നതിനുമുള്ള ശേഷി കൈവരിക്കാന്‍ സ്ത്രീ സമൂഹത്തെ സജ്ജമാക്കുകയാണ് വനിതാ കമ്മിഷന്റെ ലക്ഷ്യം. ശാക്തീകരണം കൈവരിക്കാന്‍ എത്രത്തോളം സാധ്യമായിട്ടുണ്ടെന്ന് ഓരോ സ്ത്രീക്കും ആത്മപരിശോധന നടത്താന്‍ കഴിയണം. പബ്ലിക് ഹിയറിംഗിലൂടെ വിവിധ തൊഴില്‍ മേഖലകളിലെ സ്ത്രീകള്‍ക്ക് തങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുറന്നു പറയുന്നതിനുള്ള അവസരമാണ് വനിതാ കമ്മിഷന്‍ ഒരുക്കിയിട്ടുള്ളത്. പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ തയാറായി മുന്നോട്ടു വരണം. പബ്ലിക് ഹിയറിംഗിന്റെ ഭാഗമായി വിവിധ മേഖലകളിലെ സ്ത്രീകളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുന്നുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍. സ്മിത, അസി. ലേബര്‍ ഓഫീസര്‍ അബി സെബാസ്റ്റ്യന്‍, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു. ഹോട്ടല്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ഡെ. ലേബര്‍ ഓഫീസര്‍ പി.എം. ഫിറോസ് നയിച്ചു.പബ്ലിക് ഹിയറിംഗില്‍ ഉയര്‍ന്ന പ്രധാന അഭിപ്രായങ്ങള്‍***തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഇടവേളകളില്‍ ഇരുന്ന് വിശ്രമിക്കുന്നതിന് കേരള സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മാണം വിപ്ലവകരമാണെന്ന് പബ്ലിക് ഹിയറിംഗ് വിലയിരുത്തി.*** ആര്‍ത്തവ കാലത്ത് തൊഴില്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ വിശ്രമം ഇടവേളകളില്‍ അനുവദിക്കണം.*** കുറഞ്ഞ കൂലി നല്‍കി കൂടുതല്‍ സമയം ജോലി ചെയ്യിക്കാന്‍ തൊഴില്‍ ഉടമകള്‍ നിര്‍ബന്ധിക്കുന്നുണ്ട്.*** അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് സ്ത്രീകള്‍ ഒറ്റക്കെട്ടായി നില്‍ക്കണം.*** തൊഴിലെടുക്കുന്ന സ്ത്രീകളോടുള്ള പുരുഷന്മാരുടെ മനോഭാവം മാറണം.*** സബ്സിഡി പിന്‍വലിച്ചതിനാല്‍ ജനകീയ ഹോട്ടലുകളില്‍ ഊണിന്റെ നിരക്ക് 50 രൂപയാക്കി ഉയര്‍ത്തണം.*** ഇരിക്കാന്‍ അനുവദിക്കാതെ തുടര്‍ച്ചയായി നിര്‍ത്തി ജോലി ചെയ്യിക്കുന്ന സാഹചര്യമുണ്ട്. *** സൗന്ദര്യം കുറയുന്ന വേളയില്‍ ജോലിയില്‍ നിന്നും പിരിച്ചു വിടുന്ന അവസ്ഥയുണ്ട്.*** പാര്‍ട്ട് ടൈം സ്വീപ്പേഴ്സിനെ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നു. ഇവരെ കൊണ്ട് ഇതര ജോലികളും ചെയ്യിക്കുന്നു. ഇതു സംബന്ധിച്ച് കൃത്യമായ വ്യവസ്ഥ തയാറാക്കണം.***10 മുതല്‍ 20 പേര്‍ വരെ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും എമര്‍ജന്‍സി മെഡിക്കല്‍ കിറ്റ് അല്ലെങ്കില്‍ മെഡിക്കല്‍ യൂണിറ്റിന്റെ സേവനം ആവശ്യമാണ്.***തൊഴില്‍ നിയമങ്ങള്‍, സേവന-വേതന വ്യവസ്ഥകള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഇതിനായി അവബോധ ക്ലാസ് നടത്തണം.*** പോഷ് ആക്ട് പ്രകാരമുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ചും ഈ നിയമത്തെ കുറിച്ചും അവബോധം നല്‍കണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!