ലഖ്‌നൗ: അസോസിയേഷൻ ഓഫ് മുസ്ലിം പ്രൊഫഷണൽസ് (AMP) സംഘടിപ്പിച്ച ദേശീയ എൻജിഒ കോൺഫറൻസ് 2025 ലഖ്‌നൗവിലെ ഇസ്‌ലാമിക് സെന്റർ ഓഫ് ഇന്ത്യയിൽ, വലിയ ജന പങ്കാളിത്തത്തോടെ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രമുഖ പണ്ഡിതർ, എൻജിഒ നേതാക്കൾ, നയരൂപീകരണ വിദഗ്ധർ, സാമൂഹിക പ്രവർത്തകർ തുടങ്ങി നിരവധിപേർ രണ്ട് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനത്തിൽ ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ നിലവിലെ സാമൂഹ്യ–സാമ്പത്തിക സാഹചര്യവും തൊഴിലവസരങ്ങളിലെ പിന്നാക്കവും വിശദമായി വിലയിരുത്തി. പ്രൊഫ. അമിതാഭ് കുണ്ടു, ഡോ. സഫർ മഹ്മൂദ് തുടങ്ങിയ പ്രമുഖർ അവതരിപ്പിച്ച പ്രബന്ധങ്ങൾ സമ്മേളനത്തിന്റെ വൈജ്ഞാനിക ഗൗരവം വർധിപ്പിച്ചു.
വിദ്യാഭ്യാസം, സാമ്പത്തിക ഉന്നമനം, എൻജിഒകളുടെ ശേഷിവർധന,അവ്കാഫ് സമ്പ്രദായങ്ങളുടെ പ്രയോജനപ്പെടുത്തൽ, സമൂഹ വികസനത്തിനുള്ള പുതിയ തന്ത്രങ്ങൾ എന്നിവയിൽ ചർച്ചകൾ നടന്നു.
ജാമിയ മില്ലിയ ഇസ്‌ലാമിയ, ജാമിയ ഹംദർദ്, ഷാഹീൻ ഗ്രൂപ്പ് എന്നിവയുടെ പ്രതിനിധികളും നിരവധി വ്യവസായികളും തങ്ങളുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും പങ്കുവച്ചു.
രണ്ടാം ദിവസത്തെ സെഷനുകളിൽ അവ്കാഫ് സംവിധാനങ്ങളുടെ നവീകരണം, മദ്രസാ വിദ്യാഭ്യാസത്തിന്റെ മോഡേൺ ആവിഷ്കാരങ്ങൾ, ഡിജിറ്റൽ ഗവർണൻസ്, സി.എസ്.ആർ ഫണ്ടുകളുടെ ഫലപ്രദ വിനിയോഗം, എൻജിഒകളുടെ സുതാര്യത വർധിപ്പിക്കുന്ന പുതിയ സാങ്കേതിക വിദ്യകൾ എന്നിവ വിശദമായി ചർച്ച ചെയ്തു. ഇന്ത്യാ സകാത്ത് ഡോട്ട് കോം അവരുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു.
സമ്മേളനത്തിന്റെ അവസാന ഘട്ടത്തിൽ സമൂഹത്തിന്റെ വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയും ലക്ഷ്യമാക്കി അടുത്ത 25 വർഷത്തേക്കുള്ള സമഗ്ര റോഡ്‌മാപ്പ് എം.എം.പി അവതരിപ്പിച്ചു.
“വിദ്യാഭ്യാസ ശക്തീകരണം സമൂഹ മുന്നേറ്റത്തിന്റെ അടിത്തറ”യാണെന്ന്
സമ്മേളനത്തിൽ മുഖ്യ പ്രഭാഷം നടത്തിയ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. വിദ്യാഭ്യാസമേഖലയിലെ എൻജിഒകളുടെ ഇടപെടലിനെ അദ്ദേഹം ഏറെ പ്രശംസിച്ചു.
എ.എം.പി പോലുള്ള സംഘടനകൾ സമൂഹത്തിന്റെ വിദ്യാഭ്യാസശേഷി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് ഗുണമേന്‍മയുള്ള വിദ്യാഭ്യാസവും തൊഴിൽസാദ്ധ്യതകളും ലഭ്യമാക്കുന്നത് സമൂഹത്തിന്റെ ഭാവി ഉറപ്പാക്കുന്ന ഏറ്റവും വലിയ നിക്ഷേപമാണ്. എൻജിഒകള്‍ കരുതലോടെയും ദീർഘദർശനത്തോടെയും പ്രവർത്തിക്കുമ്പോൾ വിദ്യാഭ്യാസവും സാമ്പത്തികവും വളർച്ചയുടെ പാതയിലെത്തും,” മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
യു.പി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ദാനിഷ് അൻസാരി ഉദ്ഘാടനം ചെയ്തു.എ.എം.പി ദേശീയ പ്രസിഡൻ്റ് ആമിർ ഇദ്രീസി അധ്യക്ഷത വഹിച്ചു.
സാമൂഹിക മികവിനുള്ള അഞ്ചാമത്
ദേശീയ അവാർഡിൽ,
ബെസ്റ്റ് ഓർഗനൈസേഷൻ ഓഫ് ദി ഇയർ അവാർഡ്, ഹുദവി കൂട്ടായ്മ ഹാദിയയും, ‘ചേഞ്ച് മേക്കർ ഓഫ് ദി ഇയർ’ അവർ ഡോ. സുബൈർ ഹുദവിയും ഏറ്റുവാങ്ങി.

