സുരേഷ് ഗോപി നായകനായെത്തുന്ന പ്രവീൺ നാരായണൻ ചിത്രം ‘ജെഎസ്കെ’യുടെ ചിത്രീകരണം അവസാന ഘട്ടത്തിൽ. സിനിമയുടെ ക്ലൈമാക്സ് ഫൈറ്റിനു മാത്രം ഒന്നര കോടി രൂപയാണ് അണിയറക്കാർ ചിലവഴിച്ചത്. ചിത്രത്തിൽ അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. നാഗർകോവിലിൽ സെറ്റിട്ടു ചെയ്ത ക്ലൈമാക്സ് ഫൈറ്റ് സീൻ ഏഴു ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ രാജശേഖറാണ് ആക്ഷൻ രംഗങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജെഎസ്കെ’. അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം.
സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്കെ. ഒരു ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി അഭിഭാഷക വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്