ഗവര്‍ണര്‍ വഹിക്കുന്ന ഭരണഘടനാ പദവിയുടെ അന്തസ്സിന് യോജിക്കുന്ന വിധത്തിലല്ല പെരുമാറുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ.കേരളാ ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി വിലക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മന്ത്രിമാർ ഗവർണറെ ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടി സ്വീകരിക്കുമെന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനക്കെതിരെയാണ് സിപിഎം പോളിറ്റ് ബ്യൂറോ രംഗത്തുവന്നത്. ഇത്തരത്തിലുള്ള ഏകാധിപത്യ അധികാരങ്ങളൊന്നും ഭരണഘടന ഗവർണർക്ക് നൽകിയിട്ടില്ല. ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതിലൂടെ ഗവർണർ തന്റെ രാഷ്ട്രീയമായ പക്ഷപാതിത്വവും എൽഡിഎഫിനോടുള്ള വൈരാഗ്യവുമാണ് വെളിപ്പെടുത്തുന്നത്.
മന്ത്രി പദവി റദ്ദാക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. ഭരണഘടന പറയുന്നത് അനുസരിച്ചേ ഗവർണർക്ക് പ്രവർത്തിക്കാനാകൂ. ഭരണഘടനയുടെ 163 വരെയുള്ള അനുഛേദങ്ങളിൽ ഒന്നും ഗവർണറുടെ ഈ അധികാരത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ഗവർണറുടെ പരാമർശത്തെ വളരെ ഗൗരവമായി ആലോചിക്കേണ്ടതാണ്. ജനാധിപത്യം നിലവിൽ വന്ന് കുറച്ചുകാലമായതിനാൽ ഭീഷണി സ്വരങ്ങളെ ഗൗരവമായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.