മമ്മൂട്ടി പ്രതിനായകനായെത്തുന്ന പുതിയ ഹൊറർ ചിത്രത്തിന് ഇന്ന് തുടക്കമായി. ‘ഭ്രമയുഗം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ഭൂതകാലം’ സിനിമയിലൂടെ ശ്രദ്ധ നേടിയ രാഹുൽ സദാശിവനാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങിയതായി പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി അറിയിച്ചു. ഹൊറർ കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നുണ്ട്. അർജുൻ അശോകനും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോർട്ട്.
മമ്മൂട്ടിയുടെ ഹൊറർ ചിത്രമെത്തുന്നു എന്ന വാർത്തകൾ മുൻപ് വന്നിരുന്നുവെങ്കിലും സിനിമയുടെ പേരോ മറ്റു വിവരങ്ങളോ പ്രഖ്യാപിച്ചിരുന്നില്ല. ‘ദ ഏജ് ഓഫ് മാഡ്നെസ്’ (പ്രായത്തിന്റെ ഭ്രാന്ത്) എന്നാണ് സിനിമയുടെ ടാഗ് ലൈൻ. സിനിമയുടെ തിരക്കഥയൊരുക്കുന്നതും രാഹുൽ തന്നെയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
സിനിമയുടെ പ്രധാന ലൊക്കേഷൻ കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലാണ്. ചിത്രത്തിനായി 30 ദിവസമാണ് മമ്മൂട്ടി നൽകിയിരിക്കുന്ന ഡേറ്റ്. വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിർമ്മിക്കുന്ന മലയാള സിനിമയാണിത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ചിത്രത്തിൽ വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമാകും ഉണ്ടാവുക. ഇതിന് ശേഷമാകും മമ്മൂട്ടി മറ്റ് പ്രൊജക്ടുകളുടെ ഭാഗമാവുക.

