സിബ്ഗത്തുള്ള .എം
കോഴിക്കോട് : ചായയും കാപ്പിയും കടികളുമായി യാത്രകൾക്കിടയിൽ നമ്മെ ഊട്ടിയിരുന്നുവർ ഇന്ന് പട്ടിണിയിലാണ്. കോവിഡ് സാഹചര്യത്തിൽ തങ്ങളുടെ ദുരിത ജീവിതം തുറന്നു കാണിക്കുകയാണ് റെയിൽ വേയിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്ന വെള്ളിപ്പറമ്പ് സ്വദേശി ലത്തീഫ്. കഴിഞ്ഞ മാർച്ച് മാസത്തിൽ റെയിൽവേ ഗതാഗതം നിലച്ചതോടെ ലത്തീഫിനെ പോലെയുള്ള കമ്മീഷൻ അടിസ്ഥാനത്തിൽ വെൻഡേഴ്‌സായി ജോലി ചെയ്യുന്ന കേരളത്തിലെ ആയിരക്കണക്കിന് ആളുകളുടെ ജീവിതം നിശ്ചലമായിരിക്കുകയാണ്. രാജ്യത്തെ മൊത്തം കണക്കെടുത്താൽ പട്ടിണി കഥയുടെ പട്ടിക വർധിക്കുക തന്നെ ചെയ്യും.
ദുരിത പൂർണമായ ജീവിതത്തെ തുടർന്നാണ് തന്റെ പതിനാലാമത്തെ വയസിൽ ട്രെയിനുകളിൽ കയറി ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്ന ജോലിയിലേക്ക് ഇദ്ദേഹം പ്രവേശിക്കുന്നത്. സെൻട്രൽ മാർക്കറ്റിൽ മൽസ്യങ്ങളിലിടുന്ന ഐസിന്റെ ജോലി ചെയ്തു വരുന്ന പിതാവിന് കൈത്താങ്ങാവുക അത്രമാത്രമായിരുന്നു അക്കാലത്ത് ലക്‌ഷ്യം. അന്ന് 1970 കളിൽ 30 രൂപ വീട്ടു വാടകയ്ക്ക് റെയിൽവയ്ക്കരികെ കാരിമാടത്തോപ്പ് പറമ്പിൽ കുടുംബത്തോടൊപ്പം താമസം. രണ്ടു സഹോദരമാർ ഉൾപ്പെടുന്ന അന്നത്തെ ജീവിതം ദുരിതം അറിയാതെയങ്ങ് കടന്നു പോയി. പിന്നീട് വിവാഹിതനായി സ്വന്തമായി കുടുംബമായി. പ്രാരാപ്തങ്ങൾ തേടിയെത്തി. അന്നും ജീവിതം മുന്നോട്ട് പോകുവാനായി ഏക ആശ്രയം ഈ ജോലി മാത്രമായിരുന്നു. ഒടുവിൽ ലഭിച്ചിരുന്ന കൂലി ദിവസേന അറനൂറ് രൂപയായിരുന്നു. വർഷത്തിൽ ബോണസ് എന്ന രീതിയിൽ സ്വകാര്യ ഉടമകളിൽ നിന്നും ലഭിക്കുന്ന 1500 രൂപ ഒഴികെ മറ്റു അനൂകൂല്യങ്ങളൊന്നും തന്നെ ലഭ്യമായിരുന്നില്ല. അത് കൊണ്ട് തന്നെ ഭാര്യ റംലയും നാലു മക്കളുമൊത്ത് പട്ടിണി കൂടാതെ ജീവിതം കൊണ്ട് പോകാൻ കഴിഞ്ഞു എന്നല്ലാതെ ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു തുണ്ട് ഭൂമി പോലും
അങ്ങനെ കഴിച്ചു കൂട്ടിയ നീണ്ട വർഷത്തിനൊടുവിലാണ് കോവിഡ് ഈ നാടിനെയും തേടിയെത്തിയത് ഇത് പോലുള്ള സാധാരണക്കാരായ ജനങ്ങൾക്ക് എത്ര മാത്രം ദുരിതമാണ് നൽകുന്നതെന്ന് പറയേണ്ടതില്ലലോ. 6000 രൂപ മാസ വാടക നൽകി താമസിക്കുന്ന ലത്തീഫിന് തന്റെ ഏക വരുമാനം നിലയ്ക്കുന്നതോടെ ഉണ്ടാകുന്ന ബുദ്ധിമുട്ടും മനസ്സിലാക്കാവുന്നതേയുള്ളൂ. നാലുമക്കളിൽ രണ്ടാമത്തെ മകൻ മൊബൈൽ ഷോപ്പുകളിൽ ജോലി ചെയ്തു കിട്ടുന്ന തുകയാണ് ഇന്ന് ഈ കുടുംബത്തിന്റെ ആശ്രയം. ആഴചയിൽ മൂന്ന് ദിവസം മാത്രം ജോലി അതും ദിവസ കൂലി അഞ്ഞൂറ് രൂപ. ഇത് കൊണ്ട് വേണം വാടക നൽകാനും കുടുംബം നോക്കാനും.
ഒരുപാട് പണം സുഹൃത്തുക്കളിൽ നിന്നും കടമായി ഇതിനോടകം വാങ്ങി കഴിഞ്ഞെന്നും അതെല്ലാം അടച്ചു തീർക്കാതെ ഇനി മുൻപോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലുമാണ് ജീവിതമെന്നും ലത്തീഫ് പറയുന്നു. പലപ്പോഴും ആത്മഹത്യയിലേക്ക് വരെ ചിന്തകൾ വഴി മാറിയിട്ടുണ്ട് അന്ന് സുഹൃത്തുക്കളുടെ ഇടപെടലാണ് തന്നെ ഇന്നും ജീവിച്ചിരിപ്പിക്കുന്നതെന്നും അദേഹം പറയുന്നു. ഈ ദുരിത കാലത്ത് ഇനിയെന്ത് ചെയ്യുമെന്ന് അറിയില്ല. ഈ ദുരന്ത വൈറസ് ബാധ എന്ന് കഴിയുമെന്നും അറിയില്ല. മുഴു പട്ടിണിയിലേക്കും,കട ബാധ്യതയിലേക്കും ജീവിതം മാറാതിരിക്കട്ടെ എന്ന പ്രാർത്ഥന മാത്രെമേ ഉള്ളുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മരിക്കുന്നതിന് മുൻപ് രണ്ടു പെണ്മക്കൾ ഉൾപ്പെടുന്ന തന്റെ നാലു മക്കളെയും ഭാര്യയെയും അടച്ചുറപ്പുള്ള സ്വന്തമായ ഒരു വീട്ടിലേക്ക് മറക്കുക എന്നത് മാത്രമാണ് ആഗ്രഹം. കഴിയുമോ അറിയില്ല. പ്രാർത്ഥിക്കുക മാത്രമാണ് എന്റെ മുൻപിലെ വഴി. അന്യ സംസ്ഥാനത്തെ മലയാളികൾ കേരളത്തിലേക്ക് കൊണ്ട് വരാൻ മാത്രമായി തുടരുന്ന റയിൽ വേ ഗതാഗതം ഇനി എന്ന് പഴയെ ഗതിയിലേക്ക് എത്തും എന്നറിയില്ല അത് വരെ കാത്തിരിക്കാം