കാടും കാട്ടാറും വെള്ളച്ചാട്ടവും….കുളിർമ തേടിയെത്തുന്ന സഞ്ചാരികളെ മാടി വിളിക്കുകയാണ് കോടഞ്ചേരിയിലേക്ക്. ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക ടൂറിസത്തിന്റെ മനോഹാരിതക്ക് സാക്ഷ്യം വഹിക്കാം.
സഞ്ചാരികളുടെ ഇഷ്ട ഉല്ലാസ കേന്ദ്രമായ തുഷാരഗിരിയിലെ പുഴകളിൽ കാലവർഷാരംഭത്തോടെ രൗദ്രഭാവം പുറത്തെടുക്കുന്ന ഓളങ്ങളെ മെരുക്കി വിസ്മയം തീർക്കാൻ കയാക്കിങ് സംഘങ്ങൾ എത്തിത്തുടങ്ങി. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ഓഗസ്റ്റ് നാല്, അഞ്ച്, ആറ് തിയ്യതികളിൽ നടത്തുന്ന ഒമ്പതാമത് അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിനാണ് താരങ്ങൾ എത്തിയത്. തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ് അക്കാദമിയുടെ നേതൃത്വത്തിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമാണ് പരിശീലന സംഘങ്ങൾ പരിശീലനം ആരംഭിച്ചത്.
സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇന്ത്യൻ കനോയിങ് ആൻഡ് കയാക്കിങ് അസോസിയേഷനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളും സംയുക്തമായാണ് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര കയാക്കിങ് മേള സംഘടിപ്പിക്കുന്നത്.
കഴിഞ്ഞവർഷത്തെ മത്സരത്തിൽ ‘റാപ്പിഡ് രാജ’ പട്ടം നേടിയ അമിത് താപ്പ, അങ്കിത് സിങ് (ഇരുവരും ഉത്തരാഖണ്ഡ്), ബാവ് പ്രീത് സിങ്(ഡൽഹി), കേരള താരങ്ങളായ നിസ്തുൽ ജോസ്, തോബിത്ത് രാഹുൽ, ഡി.ആനന്ദ്, ബി.കെ.അഭിലാഷ്, കർണാടക സ്വദേശിനി ആൻ. മത്തിയാസ് എന്നിവരടങ്ങിയ സംഘം പരിശീലനം തുടങ്ങിക്കഴിഞ്ഞു. 2022-ൽ അറുപതിലേറെ താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ ഇക്കുറി കൂടുതൽ വിദേശതാരങ്ങൾ എത്തുമെന്നാണ് സംഘാടകർ അറിയിച്ചത്.
മലബാറിന്റെ മാമാങ്കമായി മാറുന്ന കയാക്കിങ് മത്സരത്തിന്റെ പ്രചാരണാർഥം വിവിധ മത്സരങ്ങൾ നടക്കും. കോഴിക്കോട് ,വയനാട്, മലപ്പുറം ജില്ലകളിൽ നിന്ന് ചാലിപ്പുഴയിലെ പുലിക്കയം മത്സരവേദിയിലേക്ക് സൈക്കിൾറാലിയും, തുഷാരഗിരിയിൽ മഴനടത്തം, ഓമശ്ശേരിയിൽ ‘മഡ് ഫുട്ബോൾ’, കക്കാടംപൊയിലിൽ പട്ടംപറത്തൽ, കോടഞ്ചേരിയിലെ സ്വകാര്യ എസ്റ്റേറ്റിൽ ഓഫ് റോഡ് റെയ്സ് എന്നീ പ്രീ ഇവന്റുകളാണ് നടക്കുക.